ആലപ്പുഴ : പതിനാറ് ദിവസത്തിനുശേഷം പമ്പിംഗ് ആരംഭിച്ചെങ്കിലും ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളം നഗരത്തിലെ എല്ലാ വാർഡുകളിലേക്കും എത്തിയിട്ടില്ല. വെള്ളിയാഴ്ചയോടെ കുടിവെള്ള വിതരണം പൂർണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തകഴി ക്ഷേത്രം ജംഗ്ഷന് സമീപം പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചതിനെതുടർന്ന് തിങ്കളാഴ്ച വൈകിട്ടോടെയാണ് കടപ്രയിൽ നിന്ന് കരുമാടിയിലെ ശുദ്ധീകരണ പ്ളാന്റിലേക്ക് ഭാഗികമായി പമ്പിംഗ് പുനരാരംഭിച്ചത്.
65കുതിര ശക്തിയാള്ള രണ്ട് മോട്ടോറുകളിൽ ഒന്ന് മാത്രമേ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നുള്ളൂ. കുടിവെള്ള പൈപ്പുകൾ പൊട്ടുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ തുടർച്ചയായി പമ്പിംഗ് നടത്തുന്നില്ല. രണ്ട് മണിക്കൂർ പമ്പിംഗ് നടത്തിക്കഴിഞ്ഞാൽ ഒരുമണിക്കൂർ നിറുത്തിവയ്ക്കും. കഴിഞ്ഞ 13ന് പൊട്ടിയ പൈപ്പ് വീണ്ടും പൊട്ടാതിരിക്കാനാണ് മർദ്ദം കുറച്ച് പമ്പിംഗ് നടത്തുന്നത്. കന്നാമുക്ക്, കേളമംഗലം പാലം, തകഴി ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ നാല് ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടിയത്. തകഴി ക്ഷേത്രം ജംഗ്ഷന് സമീപം പൊട്ടിയ പൈപ്പ് മാറ്റി പമ്പിംഗ് തുടങ്ങാനിരിക്കെയാണ് തൊട്ടടുത്ത് മറ്റൊരു പൊട്ടൽ കൂടി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഈ ഭാഗത്തെ 16മീറ്റർ പൈപ്പ് മുറിച്ച് മാറ്റി പകരം പൈപ്പ് സ്ഥാപിക്കാൻ തീരുമാനിച്ചു. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജലഅതോറിട്ടിയുടെ 17 കുഴൽക്കിണറുകളിൽ നിന്ന് 24മണിക്കൂർ പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും ഇത് പൂർണമായും ഫലപ്രദമായിട്ടില്ല..
റിപ്പോർട്ട് പരണത്ത്,
എം.ഡി തിരക്കിലാണ് !
നഗരത്തിൽ 16ദിവസം കുടിവെള്ള വിതരണം മുടങ്ങിയിട്ടും ജലഅതോറിട്ടി മാനേജിംഗ് ഡയറക്ടർ സന്ദർശനം നടത്താതിരുന്നത് വിമർശനത്തിനിടയാക്കി. ഇന്നലെ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം സന്ദർശനം മാറ്റി. ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ പൈപ്പ് പൊട്ടൽ പതിവായിടങ്ങളിൽ വാട്ടർ അതോറിട്ടി ടെക്നിക്കൽ അംഗം മാർച്ചിൽ സർന്ദർശനം നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. രണ്ട് മാസം പിന്നിട്ടിട്ടും ഈ റിപ്പോർട്ടിന്മേൽ ജല അതോറിട്ടി എം.ഡി നടപടിയെടുത്തിട്ടില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി ജനങ്ങൾക്ക് തിരിച്ചടിയായ സാഹചര്യത്തിൽ പ്രദേശം സന്ദർശിക്കാൻ എം.ഡി തയ്യാറാകാത്തതും റിപ്പോർട്ടിൽ നടപടിയെടുക്കാത്തതും ദുരുഹത ഉയർത്തുന്നെന്ന ആരോപണവുമായി കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തിയിട്ടുണ്ട്.