വള്ളികുന്നം: വള്ളികുന്നത്തെ കുടി വെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. എസ്.വൈ.ഷാജഹാൻ, ആർ. വിജയൻ പിള്ള, സുഹൈർ വള്ളികുന്നം പി. ഭാസുരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ പതിനൊന്നോടെ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത് .തുടർന്ന് കെ.ഐ.പി.അധികൃതരുമായി ബന്ധപ്പെട്ട് പ്രധാന കനാലിലൂടെയും ഉപകനാലുകളിലൂടെയും വെള്ളം എത്തിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
വള്ളികുന്നത്തെ കിഴക്കൻ പ്രദേശങ്ങളായ താളിരാടി, കാമ്പിശേരി , കടുവിനാൽ പ്രദേശങ്ങളുൾപ്പടെ പടിഞ്ഞാറൻ പ്രദേശങ്ങളായ വാളാച്ചാൽ, കാരാഴ്മ, കടുവുങ്കൽ എന്നീ മേഖലകളിലാണ് ശുദ്ധജല ക്ഷാമം അതിരൂക്ഷമായിരിക്കുന്നത് . മാലിന്യം അടിഞ്ഞുകൂടി കെ.ഐ.പി കനാലിലൂടെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചത് മൂലം പ്രദേശങ്ങളിലെ കൃഷികളും കരിഞ്ഞുണങ്ങിയ നിലയിലാണ്. മാലിന്യം നീക്കം ചെയ്യുന്നതിന് നാട്ടുകാർ അധികൃതരെ സമീപിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് പ്രവർത്തകർ ആരോപിച്ചു.
പടം : കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു.