പറയനക്കുഴി നിലംനികത്തൽ വ്യാപകം
മാന്നാർ: കുടിവെള്ളമില്ലാതെ നട്ടംതിരിയുമ്പോഴും നിലംനികുത്തൽ വ്യാപകം.
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡിൽ എം.സി റോഡിനോട് ചേർന്ന് കല്ലിശ്ശേരി പറയനക്കുഴിയിൽ ബ്ലോക്ക് ആറിൽ പെട്ട നിലമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മണ്ണടിച്ച് നികത്തിയത്.
പാടശേഖരത്തിന് ചുറ്റുമുളള ഉമയാറ്റുകര, കല്ലിശ്ശേരി മാമ്പറ്റ ഭാഗം, വെട്ടിക്കോട്, മഴുക്കീർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെളളക്ഷാമം ആണ് അനുഭവപ്പെടുന്നത്. ഇവിടെ മണ്ണിട്ട് നികത്തുന്നത് ഭാവിയിൽ കടുത്ത ജലക്ഷാമത്തിന് കാരണമാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ഇതിനെ അവഗണിച്ചു കൊണ്ടാണ് നിലംനികത്തൽ ആരംഭിച്ചത്.ഏകദേശം ഒരേക്കറോളം നിലമാണ് പലരുടെ പേരുകളിൽ ഇവിടെയുള്ളത്. ഇതിൽ അമേരിക്കൻ മലയാളിയുടെ ഉടമസ്ഥതയിലുളള സ്ഥലത്താണ് മണ്ണടിച്ചതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരും പ്രകൃതി സ്നേഹികളും എതിർത്തെങ്കിലും അത് അവഗണിച്ചു കൊണ്ട് വീണ്ടും മണ്ണടിക്കൽ തുടരുകയായിരുന്നു. തുടർന്ന് സമീപവാസികളുടെ പരാതിയെത്തുടർന്നാണ് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി.
സ്റ്റോപ്പ് മെമ്മോ നൽകി
ഡേറ്റാ ബാങ്കിൽപ്പെട്ട പറയനക്കുഴി പാടശേഖരം നിയമവിരുദ്ധമായി മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സറ്റോപ്പ് മെമ്മോ നൽകി. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരമാണ് നടപടി. നിയമലംഘനത്തിനെതിരെ കൂടുതൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കും.
എസ്.സിന്ധു, വില്ലേജ് ഓഫീസർ