അരൂർ: എഴുപുന്ന പാറായി കവലയ്ക്ക് സമീപമുള്ള ആർട്ടി മറൈൻ എന്ന സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് മലിനജലം ഒഴുക്കുന്നതായി പരാതി. ഇതിനെതിരെ പ്രദേശവാസികൾ സ്ഥാപനത്തിനു മുന്നിൽ ധർണ നടത്തി.
കഴിഞ്ഞ ദിവസം രാത്രി കമ്പനിക്കുള്ളിലെ മലിനജല ടാങ്ക് കായലിലേക്കും തോടുകളിലേക്കും തുറന്നു വിട്ടിരുന്നു. അസഹനീയമായ ദുർഗന്ധത്തെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രദേശവാസികൾ സംഘടിച്ചാണ് പ്രതിഷേധവുമായെത്തിയത്. അരൂർ.പൊലീസെത്തിയാണ് കമ്പനിയിൽ നിന്ന് മലിനജലം തള്ളുന്നത് താത്കാലികമായി നിറുത്തി വയ്പിച്ചത്.
മലിനീകരണ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ചേർത്തല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ശശികമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ജെൻസൻ ആന്റണി അധ്യക്ഷത വഹിച്ചു. കെ.പ്രതാപൻ, ഷാജി ചുള്ളിത്തറ, ആൻറണി കരിശേരി, സുജിത്ത്ഗോപിനാഥ്, ആശിഷ് വിജയൻ ,കെ.എൻ.കാർത്തികേയൻ, മോളി ബാബു തുടങ്ങിയവർ സംസാരിച്ചു.