കായംകുളം: കായംകുളം നഗരത്തിൽ ഗതാഗത തടസമുണ്ടാകുംവിധം റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്താൽ ഇനി പിടിവീഴും. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് നിരത്തിൽ ഇറങ്ങിയതോടെയാണിത്.
അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
യു ആർ ബുക്ഡ്
ടൗണിന്റെ വിവിധഭാഗങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ യു ആർ ബുക്ഡ് എന്ന സ്റ്റിക്കർ പതിക്കുന്നത് ഇന്നലെ മുതൽ നടപ്പിലാക്കിത്തുടങ്ങി.
കുറ്റക്കാർ ഏഴുദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വാഹന ഉടമയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഫയർ ഫോഴ്‌സിന്റെ വാഹനങ്ങൾ കടന്നു പോകുന്ന മാർക്കറ്റ് റോഡിൽ ഗതാഗത കുരുക്ക് ഒരു സ്ഥിരം കാഴ്ചയാണ് .അപകട സ്ഥലത്തേക്കു വേഗത്തിൽ ചെല്ലാനും സഹായമെത്തിക്കാനും ഫയർഫോഴ്‌സിന് പലപ്പോഴും സാധിക്കാറില്ല. .
നൂറോളം വാഹനങ്ങൾക്ക് പിഴ
ഇന്നലെ നടന്ന പരിശോധനയിൽ അനധികൃതമായി പാർക്കുചെയ്ത നൂറോളം വാഹനഉടമകൾക്കെതിരെ കേസ് എടുക്കുകയും പിഴയടപ്പിക്കുകയും ചെയ്തു .വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും സ്ഥിരമായി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.