# ചൂടിൽ താറാവുകൾക്ക് രോഗബാധ
# താറാവുതീറ്റ വിലവർദ്ധനയും പ്രതിസന്ധി
ആലപ്പുഴ: കടുത്ത ചൂടുമൂലം പ്രതിസന്ധിയിലായ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താറാവ് കർഷകർ മഴയുടെ വരവ് കാത്തിരിക്കുകയാണ്. കടുത്ത ചൂടുമൂലം താറാവുകളെ വിവിധ രോഗങ്ങൾ വേട്ടയാടുകയാണ്. പല സ്ഥലങ്ങളിലും താറാവുകൾ കൂട്ടത്തോടെ ചത്തു. ചെറിയ തോതിൽ ഇടയ്ക്കിടെയെങ്കിലും മഴ ലഭിക്കുന്നതിനാൽ താറാവുകളുടെ രോഗത്തിന് ശമനം ഉണ്ടെന്നാണ് കർഷകർ പറയുന്നത്.
കാലുകളിൽ നീരുവയ്ക്കുന്ന രോഗമാണ് താറാവുകളെ അലട്ടിയിരുന്നത്. കാലുകൾ വീങ്ങി തീപ്പൊള്ളലേറ്റതു പോലെ ആയിരുന്നു. ചെറിയ തണുപ്പ് കിട്ടിത്തുടങ്ങിയപ്പോൾ രോഗം കുറഞ്ഞ് സ്വയം തീറ്റ തേടുന്ന സ്ഥിതിയിലേക്ക് താറാവുകൾ എത്തിച്ചേർന്നിട്ടുണ്ട്. കനത്തചൂടിനെ തുടർന്ന് പാടശേഖരങ്ങളിലും മറ്റും താറാവുകളെ തീറ്റയ്ക്ക് ഇറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇത് കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. തീറ്റ ഇനത്തിൽ വലിയ തുക അധികമായി കണ്ടെത്തേണ്ട ഗതികേടിലായിരുന്നു കർഷകർ. ഒരു ദിവസം ഒരു താറാവിന് 150 ഗ്രാം തീറ്റയാണ് കണക്ക്. ഇതിന് 4 രൂപയോളം ചിലവ് വരും. രോഗം ബാധിച്ച സമയത്ത് 200 ഗ്രാം തീറ്റയിൽ കൂടുതൽ താറാവിന് നൽകിയിരുന്നു.
പല കാരണങ്ങളാൽ താറാവുകൾ ചത്ത് വീഴുമ്പോൾ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാവുന്നത്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലുമായി ലക്ഷക്കണക്കിന് താറാവുകളാണ് പ്രളയത്തിൽ ചത്തൊടുങ്ങിയത്. മുൻ കാലങ്ങളിലെ പോലെ ഇൗസ്റ്റർ വിപണിയും കർഷകരെ തുണച്ചില്ല. ഇൗസ്റ്റർ വിപണി ലക്ഷ്യമാക്കി വളർത്തിയെടുത്ത താറാവുകൾ കനത്ത ചൂടിൽ ചത്തൊടുങ്ങി. മഴക്കാലം അടുത്തെത്തിയതോടെ താറാവ്മുട്ട വിപണിയും ഉഷാറായിട്ടുണ്ട്. ചൂട് കാലത്ത് താറാവ് മുട്ട പെട്ടെന്ന് കേടാകുന്നത് കർഷകർക്ക് തിരിച്ചടിയായിരുന്നു.
.................................
# താറാവിലും വ്യാജൻമാർ
കച്ചവടക്കാർ താറാവിന്റെ ഗുണം നോക്കിയല്ല കച്ചവടം നടത്തുന്നത്. കുട്ടനാടൻ താറാവ് എന്ന പേരിൽ വിൽപ്പന നടത്തുന്നവയിൽ ഏറിയപങ്കും തമിഴ്നാട്ടിൽ നിന്നെത്തുന്ന താറാവാണ്. തമിഴ്നാടൻ താറാവും കുഞ്ഞുങ്ങളും വിലക്കുറവിൽ ലഭ്യമാകുന്നതാണ് കാരണം. കേരളത്തിലെ കർഷകർ കച്ചവടക്കാർക്ക് 170 രൂപയ്ക്കാണ് താറാവിനെ നൽകുന്നത്. എന്നാൽ തമിഴ്നാട്ടിൽ നിന്ന് 130-140 രൂപയ്ക്ക് താറാവിനെ ലഭിക്കും. മുട്ടയും ഇതേ രീതിയിലാണ് കച്ചവടക്കാർ വാങ്ങുന്നത്. തമിഴ്നാടൻ താറാവിന് കുട്ടനാടൻ താറാവിനെക്കാൾ തൂക്കം കുറവായിരിക്കും. 600- 900 ഗ്രാം തൂക്കമേ ഇവയ്ക്ക് കാണുകയുള്ളൂ. കുട്ടനാടൻ താറാവിന് ഒരു കിലോയ്ക്കു മുകളിൽ തൂക്കം കാണും. തമിഴ്നാടൻ മുട്ടയ്ക്ക് വെള്ള കൂടുതലായിരിക്കും. നാടൻ താറാവിന്റെ മുട്ടയ്ക്ക് ചുവപ്പ് നിറം കൂടുതലായിരിക്കും.
......................................
# ഭക്ഷണം ഒരുക്കൽ കഠിനം
ഒരു കിലോ താറാവ് അരി തമിഴ്നാട്ടിൽ നിന്ന് മൂന്ന് രൂപയ്ക്ക് ലഭിക്കുമ്പോൾ കേരളത്തിൽ 22 രൂപയാണ് നിരക്ക്. 11 രൂപയായിരുന്ന അരിവില പെട്ടന്ന് കൂട്ടിയതിൽ കർഷകർ ആശങ്കയിലാണ്. അരിയും കോഴിത്തീറ്റയും മീനും ചേർത്താണ് താറാവിന് ഭക്ഷണം ഒരുക്കുന്നത്. വിലക്കയറ്റം കാരണം പല കർഷകരും താറാവ് തീറ്റ വാങ്ങുന്നില്ല. പലരും ഇൗ മേഖല തന്നെ ഉപേക്ഷിച്ച മട്ടിലാണ്. നന്തൻ, അറിഞ്ഞിൽ പോലെയുള്ള മീനുകളാണ് താറാവിന് നൽകുന്നത്. തുച്ഛമായ വിലയ്ക്ക് കിട്ടിയിരുന്ന ഇവ കിലോയ്ക്ക് 100 രൂപയുടെ മുകളിലെത്തി. 50 കിലോയുള്ള ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1700 രൂപയായി.
....................................................
'താറാവ് കൃഷി നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നത്. കാര്യമായ ഒരു ആനൂകൂല്യവും കർഷകർക്ക് ലഭ്യമാകുന്നില്ല. പലരും പണി നിറുത്തി. ചൂട് കടുത്തതോടെ കുറേ താറാവുകൾ ചത്തൊടുങ്ങി. താറാവുകൾക്ക് കാല് വീക്കത്തെതുടർന്ന് തീറ്റതേടി ഇറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. തീറ്റ ചിലവ് അധികമായത് കർഷകരെ തളർത്തി. ഇതിനു പുറമേയാണ് മരുന്ന് ചിലവും'
(കുട്ടപ്പൻ, താറാവ് കർഷകൻ, കരുവാറ്റ)