ആലപ്പുഴ: ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിസ്മാറ്റ് പ്രോജക്ട് ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണനിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ച് ജനങ്ങളെ കൊള്ളയടിച്ച ഉദ്യോഗസ്ഥരേയും കരാറുകാരേയും മാതൃകാപരമായി ശിക്ഷിക്കണം. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിച്ച് വീണ്ടും പണം തട്ടാനുള്ള നീക്കം നടക്കുകയാണ്. ഉത്തരവാദികളായവരിൽ നിന്നു തന്നെ ഇതിനുള്ള തുക ഇടാക്കണമെന്നും ആഞ്ചലോസ് ആവശ്യപ്പെട്ടു.
വലിയ ചുടുകാട്ടിൽ നിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു..
ആലപ്പുഴ മണ്ഡലം സെക്രട്ടറി വി.പി.ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.മോഹൻദാസ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ, അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ വി.എം.ഹരിഹരൻ, ആർ.സുരേഷ്, വി.സി.മധു, ജി.പുഷ്പരാജൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.