കായംകുളം : തീരദേശ വാസികളുടെ ചിരകാലാഭിലാഷമായ കൂട്ടുംവാതുക്കൽ പാലത്തിന്റെ പ്രാഥമിക ഡിസൈൻ ഇന്ന് പൂർത്തിയാകും. ഈ സർക്കാരിന്റെ കാലത്തു തന്നെ പാലം നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി ജി.സുധാകരൻ
കേരളകൗമുദിയോട് പറഞ്ഞു.
കണ്ടല്ലൂർ - ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ കടവ് പാലം നിർമ്മാണത്തിനും സ്ഥലമെടുപ്പിനുമായി 65 കോടി രൂപയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്.
ചീഫ് എൻജിനീയർ പ്രാഥമിക ഡിസൈൻ ഉടൻ സമർപ്പിച്ചാലുടൻ തന്നെ ഡി.പി.ആർ പൂർത്തിയാക്കി ഭരണാനുമതി നൽകും. പിന്നെ മൂന്നുമാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കഴിയും
സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനും ആക്ഷൻ കൗൺസിലും മന്ത്രി ജി. സുധാകരന് നിവേദനം നൽകിയതോടെയാണ് ത്രിശങ്കുവിലായിരുന്ന പാലത്തിന് വീണ്ടും സാദ്ധ്യത തെളിഞ്ഞത്.
പാലം നിർമ്മിക്കുന്നതിന്റെ പ്രാരംഭ പരിശോധനകൾ പൂർത്തിയായി.
ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് നാലര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പാലം നിർമ്മാണത്തിന് നാല് വർഷം മുമ്പ് സംസ്ഥാന ബഡ്ജറ്റിൽ പണം നീക്കിവച്ചെങ്കിലും ഇതുവഴി യാത്രക്കാർ കുറവാണെന്നുള്ള ചീഫ് എൻജിനിയരുടെ റിപ്പോർട്ടിനെ തുടർന്ന് നടപടികൾ മരവിപ്പിച്ചിരുന്നു.
പാലം യാഥാർഥ്യമാകുന്നതോടെ ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാവും. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ 8 മുതൽ 11വരെയുള്ള വാർഡുകളും ദേവികുളങ്ങര പഞ്ചായത്തിലെ 12–ാം വാർഡും ആറാട്ടുപുഴ പഞ്ചായത്തിലെ 5–ാം വാർഡും ഉൾക്കൊള്ളുന്ന പ്രദേശമാണ് ഇത്. പാലം പൂർത്തിയായാൽ കണ്ടല്ലൂർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളിലുള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ ഓച്ചിറ, ആയിരംതെങ്ങ് ഭാഗങ്ങളിൽ എത്തിച്ചേരാനാകും. കൂടാതെ കണ്ടല്ലൂർ നിവാസികൾക്ക് ദേവികുളങ്ങര വടക്കേആഞ്ഞിലിമൂട് വഴി ദേശീയപാതയിൽ എത്താനും കഴിയും.
കൂട്ടുംവാതുക്കൽ പാലം നിർമ്മാണത്തിന് പ്രത്യേക താത്പര്യമെടുക്കുന്നുണ്ട്. കഴിയുന്നത്ര വേഗം പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്
ജി.സുധാകരൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി
--------------------------
പാലം യാഥാർത്ഥ്യമാകുന്നതോടെ മണ്ഡലത്തിന്റെ മുഖഛായ തന്നെ മാറും. വിനോദ സഞ്ചാര മേഖലക്കും ഉണർവേകും
പി. അരവിന്ദാക്ഷൻ
സി.പി.എം ഏരിയാ സെക്രട്ടറി