ചേർത്തല: മരണം വരെയും അഭിനയിക്കണമെന്ന ആഗ്രഹം പൂർത്തിയാക്കിയാണ് നടി കാഞ്ചന യാത്രയായത്.
'വിജയ് സൂപ്പറും പൗർണമിയും' എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചത്. മലയാള സിനിമയുടെ ആരംഭ ദശയിലാണ് പട്ടണക്കാട് പുന്നശേരിൽ വീട്ടിൽ കാഞ്ചനയുടെ രംഗപ്രവേശം. സ്വാതന്ത്റ്യ സമര കാലഘട്ടങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ഏകാംഗ നാടകങ്ങൾ ചെയ്തായിരുന്നു തുടക്കം. ഓച്ചിറ പരബ്രഹ്മം ട്രൂപ്പിനുവേണ്ടി വാസവദത്ത എന്ന നാടകത്തിൽ തോഴിയുടെ വേഷം ചെയ്താണ് പ്രൊഫഷണൽ നാടക രംഗത്തെത്തിയത്. സഹനടിയായും നായികയായും 850ലേറെ നാടകങ്ങളിൽ അഭിനയിച്ചു. ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, കൊല്ലം സരിക, സൂര്യസോമ, കലാനിലയം തുടങ്ങിയ നിരവധി ട്രൂപ്പുകളിൽ അംഗമായി. 1950 ൽ എം.ശ്രീരാമുലു സംവിധാനം ചെയ്ത പ്രസന്നയാണ് ആദ്യസിനിമ. കല്യാണിയെന്ന കഥാപാത്രത്തെയാണ് കാഞ്ചന ഇതിൽ അവതരിപ്പിച്ചത്. ഉദയായുടെയും മെരിലാന്റിന്റെയും ബാനറിൽ ഇറങ്ങിയ ഭൂരിഭാഗം സിനിമകളിലും കാഞ്ചന കഥാപാത്രമായിട്ടുണ്ട്.
പാലാ കുഞ്ഞിപ്പാപ്പാന്റെ 'രണ്ടല്ല' എന്ന നാടകത്തിൽ അഭിനയിക്കുമ്പോഴാണ് കുണ്ടറ ഭാസിയെന്ന കലാകാരനുമായി പ്രണയത്തിലായത്. തുടർന്ന് വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹിതരായി. മക്കളായ ശേഷവും അഭിനയം തുടർന്ന കാഞ്ചന, അമ്മയുടെ മരണ ശേഷം അഭിനയം മതിയാക്കി വീട്ടിലേക്കൊതുങ്ങി. 1980 ൽ ഭർത്താവും പിന്നീട് മൂത്തമകനും മരിച്ചു. നാലു പതിറ്റാണ്ടുകാലത്തെ ഇടവേള അവസാനിപ്പിച്ച് 2016ൽ വെള്ളിത്തിരയിലേക്ക് തിരികെയെത്തി.1965ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകൾ എന്ന സിനിമയുടെ സുവർണജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കാഞ്ചനയുടെ ചിത്രങ്ങൾ ഓലപ്പീപ്പിയുടെ സംവിധായകൻ കൃഷ്ണ കൈമൾ കാണുകയും സിനിമയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി കാഞ്ചന രണ്ടാം വരവ് ഉജ്ജ്വലമാക്കി.
മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥപറയുന്ന ഓലപ്പീപ്പി ശ്രദ്ധിക്കപ്പെട്ടതോടെ കാഞ്ചനയെ തേടി നിരവധി അവസരങ്ങൾ വീണ്ടുമെത്തി. മഞ്ജു വാര്യർ നായികയായ കെയർ ഒഫ് സൈറാഭാനു, കോട്ടയം പ്രദീപിന്റെ ക്രോസ് റോഡ്, ദിലീപ് നായകനായ കമ്മാരസംഭവം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. കഴിഞ്ഞ ജനുവരിയിൽ പുറത്തിറങ്ങിയ, ജിസ് ജോയ് സംവിധാനം ചെയ്ത 'വിജയ് സൂപ്പറും പൗർണമി'യുമാണ് അവസാനത്തെ ചിത്രം. ഇളയ മകൻ പ്രേംലാലിനൊപ്പം പട്ടണക്കാട്ട് പുന്നശേരിയിലെ വീട്ടിലായിരുന്നു താമസം.