photo

# ഏഴര ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ പിടികൂടി

ചേർത്തല: ജില്ലാ പൊലീസ് മോധാവി കെ.എം.ടോമിയുടെ നിയന്ത്രണത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 'റെഡ്മാൻ' നടത്തിയ പരിശോധനയിൽ ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി 4 പേർ പിടിയിൽ.

ആലപ്പുഴ സക്കറിയ ബസാർ കൂവപ്പാടം സാദിഖ് (40), തിരുവമ്പാടി കൊച്ചീക്കാരൻ വീട്ടിൽ മാർട്ടിൻ (ബർലിൻ – 40), ആലപ്പുഴ നഗരസഭ 50–ാം വാർഡ് പൊക്കത്തുവെളിയിൽ ഷെബീർ (32), സ്​റ്റേഡിയം വാർഡ് പാണ്ഡ്യാലയ്ക്കൽ നിസാർ (50) എന്നിവരാണ് അർത്തുങ്കലിൽ ഇന്നലെ പിടിയിലായത്. ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തു. സാദിഖ്, മാർട്ടിൻ, നിസാർ എന്നിവർ ലഹരിമരുന്നിന്റെ ചില്ലറ വിൽപ്പനക്കാരാണ്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ പ്രധാനിയും തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കു ലഹരിമരുന്നു കടത്തുന്ന മൊത്തവ്യാപാരിയുമായ ഷെബീറിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറികളും നാളികേരവും മൊത്തക്കച്ചവടത്തിനായി വാങ്ങി സ്വന്തം വാഹനത്തിൽ കയറ്റി, അവയുടെ അടിയിൽ ലഹരിമരുന്നുകൾ ഒളിപ്പിച്ച് എത്തിക്കുന്നതാണ് പതിവെന്നും പൊലീസ് പറഞ്ഞു.

അർത്തുങ്കൽ അരീപ്പറമ്പിന് സമീപം, നാളികേരം കയ​റ്റി വന്ന വാഹനത്തിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. തമിഴ്‌നാട്ടിൽ 5 രൂപയ്ക്കു ലഭിക്കുന്ന ഹാൻസ് ഇവിടെ 50 മുതൽ 80 രൂപയ്ക്കു വരെയാണ് വിൽക്കുന്നതെന്നും പൊലീസ് കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികൾക്കും സ്‌കൂൾ – കോളേജ് പരിസരത്തുമാണ് വില്പന ലക്ഷ്യമിട്ടിരുന്നത്. റെഡ്മാൻ ടീം തലവനായ ചേർത്തല എ.എസ്.പി ആർ. വിശ്വനാഥിന് ലഭിച്ച വിവരത്തെ തുടർന്നാണ് ഷാഡോ പൊലീസ് രഹസ്യാന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അർത്തുങ്കൽ എസ്‌.ഐ എ.ബി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നേതൃത്വം നൽകിയത്.