ജില്ലാതല പ്രവേശനോദ്ഘാടനം കിടങ്ങറ ഗവ.എച്ച്.എസ്.എസിൽ
ആലപ്പുഴ : അക്ഷരമുറ്റത്ത് വീണ്ടും കുട്ടിക്കൂട്ടത്തിന്റെ കലപിലയുയരാൻ ഇനി ആറു ദിവസം മാത്രം. പ്രവേശനോത്സവം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് എല്ലാ സ്കൂളുകളും. ഒരേ നിറമണിഞ്ഞായിരിക്കും സർക്കാർ സ്കൂളുകൾ വിദ്യാർത്ഥികളെ വരവേൽക്കുക എന്ന പ്രത്യേകത കൂടിയുണ്ട് ഇക്കുറി. ഇളം പച്ചയും മഞ്ഞയും നിറമാണ് സർക്കാർ സ്കൂളുകൾക്ക് പൂശിയിട്ടുള്ളത്.
അറ്റകുറ്റപ്പണി നടത്തി സ്കൂളുകൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. അറ്റകുറ്റപ്പണിയുടെ ചെലവ് ഹൈസ്‌കൂളുകളുടേത് ജില്ലാ പഞ്ചായത്തും യു. പി , എൽ പി സ്‌കൂളുകളുടേത് ഗ്രാമ പഞ്ചായത്തുകളുമാണ് വഹിക്കുന്നത്. നഗരസഭാ പരിധിയിലെ സ്‌കൂളുകളുടെ അറ്റകുറ്റപ്പണിയുടെ ചുമതല നഗരസഭയ്ക്കാണ്.
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ഇക്കുറി കൂടുതൽ വിദ്യാർത്ഥികൾ
പൊതുവിദ്യാലയങ്ങളിലേക്ക് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ 23വരെ 8402
വിദ്യാർത്ഥികൾ ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടി.
സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ എസ്.എസ്.എയുടെ സഹായത്തോടെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ ഒരുക്കങ്ങൾ തുടങ്ങി. ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള സ്കൂളുകൾക്ക് 10000 രൂപ വീതവും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്ന സ്കൂളുകൾക്ക് 25000 രൂപയും അനുവദിച്ചിട്ടുണ്ട്.
പ്രവേശനോത്സവ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകർക്കും പരിശീലനം നൽകി. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
സുരക്ഷക്ക് മുൻഗണന
പുതിയ അദ്ധ്യായനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിനുള്ള നടപടികൾ കർശനമാക്കും. ലഹരി ഉപയോഗത്തിന് തടയിടാൻ എക്സൈസിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകളും ബോധവത്കണ ക്ലാസും നടത്തും.
സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ എൻജിനിയറിംഗ് വിഭാഗം വിലയിരുത്തും. ഓരോ അദ്ധ്യയന വർഷവും സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി എൻജിനിയർ പരിശോധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം.മഴക്കാലം തുടങ്ങുന്നതിനു മുമ്പ് സ്‌കൂൾ കെട്ടിടങ്ങളുടെ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റും. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും ജില്ലയിൽ പൂർത്തിയായി.
പ്രവേശനോത്സവ ദിനത്തിൽ
അക്കാദമിക് കലണ്ടർ പ്രകാശനം,സൗജന്യ പാഠപുസ്തക വിതരണം,സൗജന്യ യൂണിഫോം വിതരണം,രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ എന്നിവ പ്രവേശനോത്സവ ദിവസത്തിൽ നടക്കും
2736
ജില്ലയിലെ സ്കൂളുകളിൽ 2736 ഹൈടെക് റൂമുകളാണ് സജ്ജമാക്കിയിട്ടുള്ളത്. എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും ഹൈടെക് ലാബ് സജ്ജമാകുന്ന പ്രവർത്തനങ്ങൾക്ക് കൈറ്റ് തുടക്കം കുറിച്ചു. തിരഞ്ഞെടുത്ത സ്കൂളുകളിൽ ശാസ്ത്ര പാർക്ക്,ശാസ്ത്ര ലാബ്,ഗണിത ലാബ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഭാഷ,ശാസ്ത്രം,ഗണിതം വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,ഗണിത മധുരം,ശ്രദ്ധ എന്നീ പദ്ധതികൾ ആവിഷ്കരിച്ചു.
8402
ഈ അദ്ധ്യയന വർഷം ഒന്നാം ക്ളാസിലേക്ക് 8402 വിദ്യാർത്ഥികൾ പ്രവേശനം തേടി (23 വരെയുള്ള കണക്ക്).
ജില്ലയിലെ സ്കൂളുകൾ (എൽ.പി,യു.പി,ഹൈസ്കൂൾ ക്രമത്തിൽ)
# സർക്കാർ.......................... 199,69,66
# എയ്‌ഡഡ് .......................... 188,79,127
# അൺ എയ്ഡഡ് ................ 24,12,7(അംഗീകാരം ഉള്ളത്)
'' സ്കൂളുകളിൽ ടോയ്ലറ്റ്,കുടിവെളള സംവിധാനം,മാലിന്യ സംസ്കരണസംവിധാനം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ജീർണാഅവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തരമായി പരിശോധിച്ച് പൊളിച്ച് മാറ്റും. പൊളിച്ച് മാറ്റുന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ സ്കൂൾ ഒാഡിറ്റോറിയത്തിലേക്കോ ഷെഡ് നിർമ്മിച്ചോ താത്കാലികമായി മാറ്റും. സ്കൂൾ കെട്ടിടങ്ങൾക്ക് ഒരേ നിറം പൂശാൻ ഒരു സ്കൂളിന് രണ്ട് ലക്ഷം രൂപ നൽകി.
- കെ.ടി.മാത്യു,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ