t

# മത്സ്യലഭ്യതയിലെ കുറവ് ഇപ്പോൾത്തന്നെ ഭീഷണി

അമ്പലപ്പുഴ: ട്രോളിംഗ് നിരോധനം ജൂൺ 9 ന് ആരംഭിക്കാനിരിക്കെ, എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന അവസ്ഥയിലാണ് മത്സ്യത്തൊഴിലാളി സമൂഹം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താമെങ്കിലും മത്സ്യലഭ്യതയിൽ അനുഭവപ്പെടുന്ന കുറവാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്നത്.

ജൂലായ് 31 വരെ നീണ്ടു നിൽക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വർഷവും 52 ദിവസമായിരുന്നു ട്രോളിംഗ് നിരോധനം. തീരത്ത് സുലഭമായി ലഭിച്ചിരുന്ന മത്തി, അയല എന്നിവയുടെ ലഭ്യത നിലവിൽ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കേരള തീരങ്ങളിൽ മത്സ്യത്തിന്റെ വളർച്ചാ മുരടിപ്പും പ്രജനന പരാജയവും ആവാസ വ്യവസ്ഥയിലുണ്ടായിട്ടുള്ള മാറ്റവും ആണ് മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാക്കിയത്. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണ് മത്തി സുലഭമായി ലഭിച്ചിരുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റം മത്തിയുടെ ആവാസ വ്യവസ്ഥയെ തന്നെ ശോഷിപ്പിച്ചെന്നാണ് ഗവേഷകർ പറയുന്നത്.

തീരക്കടലിൽ ലവണാംശം വളരെ കുറയുന്നതും മത്തിയുടെ പ്രജനനത്തെയും കുഞ്ഞുങ്ങളുടെ അതിജീവനത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2016 ന് ശേഷമാണ് മത്തി ലഭ്യതയിൽ കാര്യമായ കുറവുണ്ടായതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത് പരമ്പരാഗത തൊഴിലാളികൾക്ക് ഇരുട്ടടിയായി. കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരമുള്ള കാലാവസ്ഥ മുന്നറിയിപ്പു മൂലം കടലിൽ ഏറെ തൊഴിൽദിനങ്ങൾ നഷ്ടമായി. ഇതിനിടെയാണ് മത്സ്യലഭ്യതയിൽ കുറവുണ്ടായത്.

# തീരമണയും വള്ളങ്ങൾ

ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള അയ്യായിരത്തോളം യന്ത്രവത്കൃത യാനങ്ങൾ ഹാർബറുകളിൽ അടുപ്പിക്കും. ഇതരസംസ്ഥാന യാനങ്ങൾ കേരള തീരം വിട്ടുപോവുകയും വേണം. നിരോധനം കർശനമാക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്‍റും കടലിൽ പരിശോധന നടത്തും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ 28,000 വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ നിരോധന കാലയളവിൽ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിരോധനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

# വെറുംകൈയോടെ മടക്കം

വള്ളത്തിന്റെ ഇന്ധനച്ചെലവു പോലും ലഭിക്കാതെ പല ദിവസവും കടലിൽ നിന്ന് മടങ്ങേണ്ടി വന്നിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലവർഷവും ട്രോളിംഗ് നിരോധനവും കൂടി എത്തുന്നതോടെ തീരപ്രദേശം വറുതിയിലേക്കു നീങ്ങും. സൗജന്യ റേഷൻ ലഭിക്കുമെങ്കിലും കുട്ടികളുടെ പഠനത്തിനും മറ്റ് അവശ്യ കാര്യങ്ങൾക്കുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.