kavarcha
വാതിൽ കുത്തിത്തുറന്ന നിലയിൽ

# സംഭവം വീട്ടുകാർ മരണവീട്ടിൽ പോയപ്പോൾ

വള്ളികുന്നം: വീട്ടുകാർ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയം നോക്കി വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് രാത്രിയിൽ വൻ സ്വർണ്ണക്കവർച്ച. വളളികുന്നം ചൂനാട് കിണറുമുക്ക് ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലെ അലമാരയിൽ നിന്ന് 45 പവനാണ് നഷ്ടമായത്.

സദാനന്ദന്റെ മൂത്ത സഹോദരന്റെ സംസ്‌കാര ചടങ്ങിന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ കുടുംബ സമേതം പോയ ശേഷമായിരുന്നു സംഭവം. വീടു പൂട്ടി താക്കോൽ അയൽവീട്ടിൽ ഏൽപ്പിച്ചിട്ടാണ് മൂന്നു കിലോമീറ്റർ അകലെയുള്ള മരണവീട്ടിലേക്കു പോയത്. പിറ്റേന്ന് രാവിലെ 5.30 ഓടെ ബന്ധു ഹരികുമാർ എയർപോർട്ട് ഓട്ടത്തിനായി സദാനന്ദന്റെ വീട്ടിലെ കാറെടുക്കാൻ, അയൽവീട്ടിൽ നിന്ന് വീടിന്റെ താക്കോലും വാങ്ങി എത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

മുൻവശത്തെ വാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് ഭാരമുള്ള തടിക്കസേര വാതിലിനോട് ചേർത്തു വച്ച ശേഷം കിടപ്പു മുറികളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. സദാനന്ദന്റെ രണ്ട് മരുമക്കളുടെ താലിമാല ഉൾപ്പെടെയുളളവയും കൊച്ചുമക്കളുടെ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. 75 പവനോളം പോയെന്നാണ് ആദ്യം കരുതിയത്. തുടർന്ന് വള്ളികുന്നം പൊലീസെത്തി പരിശോധന നടത്തിയപ്പോൾ 45 പവനാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായി. വീടിന്റെ പിൻവാതിൽ തുറന്നിട്ട നിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാവ് പുറത്തിറങ്ങിയതെന്ന് കരുതുന്നു.

സദാനന്ദനും ഭാര്യയും മരുമക്കളും പേരക്കുട്ടികളുമാണ് വീട്ടിലുള്ളത്. ആൺമക്കളിൽ ഒരാൾ വിദേശത്തും രണ്ടാമത്തെയാൾ പട്ടാളക്കാരനുമാണ്. ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി.കോര, വള്ളികുന്നം എസ്.ഐ ഷൈജു ഇബാഹിം എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ആലപ്പുഴയിൽ നിന്നു വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ മണം പിടിച്ച് ഒരു കിലോമീറ്റർ ദൂരമുള്ള കോമളത്തു കുഴി ജംഗ്ഷൻ വരെയെത്തി.