ഹരിപ്പാട്: ദന്ത ഡോക്ടറായിരുന്ന ചേപ്പാട് വലിയകുഴി താഴുവളളിൽ വേണുഗോപാലിന്റെ മകൻ അനീഷിനെ (32) ക്ളിനിക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അച്ഛൻ വേണുഗോപാലും അമ്മ രാധയും രംഗത്ത്. അന്വേഷണം ആവശ്യപ്പെട്ട് വേണുഗോപാൽ റേഞ്ച് ഐ.ജിക്ക് പരാതി നൽകി. മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 22ന് ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് അനീഷ് ക്ലിനിക്കിലേക്ക് പോയത്. അന്ന് വരില്ലെന്ന് പറഞ്ഞിരുന്നു. മുതുകുളം വന്ദികപ്പള്ളി സബ് ട്രഷറി കെട്ടിടത്തിലാണ് ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. വീടും ക്ലിനിക്കുമായി നാലു കിലോമീറ്ററിലധികം ദൂരമുണ്ട്. അടുത്ത ദിവസവും വീട്ടിൽ വരികയോ ഫോൺ വിളിച്ചിട്ടു എടുക്കുകയോ ചെയ്തില്ല. 24ന് വൈകിട്ട് 5 വരെയും പ്രതികരണമുണ്ടായില്ല. തുടർന്ന് കാർത്തികപ്പളളിയിലെത്തി കൂട്ടുകാരനെ ക്ലിനിക്കിലേക്ക് പറഞ്ഞുവിട്ടു. കൂട്ടുകാരൻ പറഞ്ഞതനുസരിച്ച് ക്ലിനിക്കിൽ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്.

ക്ലിനിക്കിലെ സ്റ്റോർ റൂമിലുള്ള എ.സിയുടെ പൈപ്പിൽ പ്ലാസ്റ്റിക് ചരടിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. വസ്ത്രം ഉണ്ടായിരുന്നില്ല. മുട്ടു മടങ്ങി തറയിൽ ഊന്നി നിൽക്കുകയായിരുന്നു രക്തം തളംകെട്ടി കിടന്നു. ഇരുകവിളുകളിലും മറ്റ് ചില ഭാഗങ്ങളിലും അടികൊണ്ട പാടുകളുണ്ടായിരുന്നു. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണവും മുറിയിൽ ചിതറിക്കിടന്നിരുന്നു. ക്ലിനിക്കിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നയാൾ അനീഷിനോട് അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നതായും വേണുഗോപാൽ പരാതിയിൽ പറയുന്നുണ്ട്. മൊഴിയുടെ പകർപ്പ് വാങ്ങി പരിശോധിച്ചപ്പോൾ താൻ പറഞ്ഞ കാര്യങ്ങളല്ല പൊലീസ് രേഖപ്പെടുത്തിയതെന്നും അതിലെ ഒപ്പ് തന്റേതല്ലെന്നും ബോദ്ധ്യപ്പെട്ടു. മൃതദേഹ പരിശോധനയുടെ പകർപ്പ് തനിക്ക് നൽകിയിട്ടില്ലെന്നും വേണുഗോപാൽ പരാതിയിൽ പറയുന്നു.