ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്‌ക്കും എതിരെ കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ടലംഘന പരാതികളിൽ മേയ് ആറിന് മുമ്പ് തീരുമാനമെടുക്കാൻ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചു.

മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയും എം.പിയുമായ സുഷ്‌മിത ദേവ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചിന്റെ നിർദ്ദേശം.

പ്രസംഗങ്ങളുടെ പകർപ്പ് മുഴുവൻ പരിശോധിക്കാനും ഏത് സന്ദർഭത്തിലാണ് പരാതിക്കിടയാക്കിയ പരാമർശങ്ങളുണ്ടായതെന്ന് കണ്ടെത്താനും മേയ് 8 വരെയെങ്കിലും സമയം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. വിദ്വേഷപ്രസംഗം നടത്തരുതെന്നതും സേനയുടെ നേട്ടങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നുമുള്ള നിർദ്ദേശം മോദിയും അമിത്ഷായും ലംഘിച്ചിട്ടും കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുഷ്‌മിത ഹർജി നൽകിയത്.

കോൺഗ്രസിന്റെ 11 പരാതികളിൽ രണ്ടെണ്ണം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീർപ്പാക്കിയതെന്ന് സുഷ്‌മിത ദേവിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. ബാക്കിയുള്ള പരാതികളിൽ എത്രയും വേഗം തീരുമാനമെടുക്കാൻ നിർദ്ദേശിക്കണം. നടപടിയെടുക്കാത്തത് ബോധപൂർവമാണ്. മോദിക്കും അമിത് ഷാ‌യ്‌ക്കും ഒരു നിയമവും മറ്റ് സ്ഥാനാർത്ഥികൾക്ക് വേറൊരു നിയമവുമാണ്. കമ്മിഷന്റെ നടപടി ഏകപക്ഷീയവും വിവേചനപരവുമാണ്.

മായാവതിയെ പോലുള്ള നേതാക്കൾക്കെതിരെ 72 മണിക്കൂർ പ്രചാരണ വിലക്കേർപ്പെടുത്തിയ കമ്മിഷൻ മോദിക്കും അമിത് ഷായ്ക്കുമെതിരെ ശക്തമായ തെളിവോടെ നൽകിയ പരാതികളിൽ തീരുമാനം വൈകിപ്പിക്കുകയാണെന്നും വാദിച്ചു.

അതിനിടെ കോൺഗ്രസ് പ്രധാനമായും പരാതി ഉന്നയിച്ച രണ്ട് പ്രസംഗങ്ങളിൽ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം ക്ലിൻ ചിറ്റ് നൽകിയിരുന്നു.

ഏപ്രിൽ ഒന്നിന് മഹാരാഷ്ട്രയിലെ വാർധയിൽ, വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലം എന്ന് മോദി പ്രസംഗിച്ചതും ഏപ്രിൽ 9ന് ലാത്തുരിൽ പുൽവാമ ഭീകരാക്രമണം, ബാലാക്കോട്ട് തിരിച്ചടി എന്നിവ ഉന്നയിച്ച് കന്നിവോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചതും പെരുമാറ്റ ചട്ടലംഘനമല്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.