election-2019

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പൗരത്വവും മതവും സംബന്ധിച്ച ബി.ജെ.പിയുടെ ആരോപണം സുപ്രീംകോടതി കയറിയതോടെ ജനന രേഖകളുമായി ഡൽഹിയിലെ ഓഖ്‌ലയിലുള്ള ഹോളി ഫാമിലി ആശുപത്രി രംഗത്ത്. രാഹുലും സഹോദരി പ്രിയങ്കാ ഗാന്ധിയും ജനിച്ച ഡൽഹി രൂപതയുടെ കീഴിലുള്ള ഹോളി ഫാമിലി ആശുപത്രി അധികൃതരാണ് തങ്ങളുടെ പക്കലുള്ള പഴയ റെക്കാഡുകൾ വെളിപ്പെടുത്തിയത്.
1970 ജൂൺ 19ന് ഉച്ചയ്‌ക്ക് 2.28നാണ് രാഹുൽ ജനിച്ചതെന്ന് ആശുപത്രിയിലെ പഴയ ജനന രജിസ്റ്ററിൽ വ്യക്തമാണ്. പേരിനു നേരെ ബേബി ഒഫ് സോണിയാ ഗാന്ധിയെന്നുമുണ്ട്. പിതാവ് രാജീവ് ഗാന്ധിയുടെ പേരിനൊപ്പം മതം ഹിന്ദുവെന്നും രാജ്യം ഇന്ത്യയാണെന്നും എഴുതിയിട്ടുണ്ട്. കുഞ്ഞു രാഹുലിനെ കാണാൻ പ്രധാനമന്ത്രിയായിരുന്ന മുത്തശ്ശി ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത് പഴയ ജീവനക്കാർക്ക് ഓർമ്മയുണ്ട്. 1972 ജനുവരി 12ന് പ്രിയങ്ക ജനിച്ചതും ഇതേ ആശുപത്രിയിലാണ്.


ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ ഇന്ത്യക്കാരനെന്ന് തെളിയിക്കാൻ രാഹുലിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസയച്ചിരുന്നു. പൗരത്വത്തിന്റെ വിശദാംശങ്ങൾ രണ്ടാഴ്ചയ്‌ക്കുള്ളിൽ നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.