ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എൻ നടപടി ഇന്ത്യക്കാരെല്ലാം ആഘോഷിക്കുമ്പോൾ രാഷ്‌ട്രീയമായി ക്ഷീണം ചെയ്യുമെന്ന് പേടിച്ച് പ്രതിപക്ഷം മാറി നിൽക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പത്തുവർഷം നീണ്ട ഇന്ത്യയുടെ ശ്രമമാണ് ഇപ്പോൾ ഫലം കണ്ടത്. രാജ്യം ഒന്നടങ്കം അതിൽ ആഹ്ളാദിക്കുന്നു. എന്നാൽ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. രാജ്യസുരക്ഷ, വിദേശകാര്യം തുടങ്ങിയ വിഷയങ്ങളിൽ രാഷ്‌ട്രീയ ഭേദമില്ലാതെ ഒന്നിച്ചു നിൽക്കുന്ന പതിവ് ഇപ്പോഴില്ലെന്നും ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ കേന്ദ്രമന്ത്രിമാരായ അരുൺ ജയ്‌റ്റ്ലിയും നിർമ്മലാ സീതാരാമനും പറഞ്ഞു. അസറിനെതിരായ നടപടി നരേന്ദ്രമോദിയുടെ വിജയമാണെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു.