ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. വിചാരണ ഉൾപ്പടെയുള്ള തുടർ നടപടികളെ ബാധിക്കുമെന്നതിനാൽ എല്ലാ വശങ്ങളും ആലോചിച്ച് വേണം സംസ്ഥാനം നിലപാടെടുക്കാനെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് ബെഞ്ച് വ്യക്തമാക്കി.
മെമ്മറി കാർഡ് രേഖയാണെങ്കിൽ, ദൃശ്യങ്ങൾ ചോരുമെന്ന ആശങ്കയുൾപ്പെടെ കണക്കിലെടുത്ത് അതിന്റെ പകർപ്പ് നൽകുന്നതിൽ വിചാരണക്കോടതി ജഡ്‌ജിക്ക് തീരുമാനമെടുക്കാം. തൊണ്ടിമുതലാണെന്ന് സർക്കാർ സമ്മതിച്ചാൽ ഭാവിയിയിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കുമ്പോൾ നിയമതടസങ്ങളുണ്ടായേക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മെമ്മറി കാർഡ് ഏത് ഗണത്തിൽ വരുമെന്നതിൽ തീരുമാനം ഇന്ന് അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
മെമ്മറികാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകിയാൽ ചോരാൻ സാദ്ധ്യതയുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ഹരേൻ പി. റാവൽ വാദിച്ചത്. ദിലീപിന്റെ അഭിഭാഷകരെ ഫോറൻസിക് വിദഗ്ദ്ധർക്കൊപ്പം ദൃശ്യങ്ങൾ എത്ര തവണ വേണമെങ്കിലും കാണാൻ അനുവദിക്കാമെന്നും വ്യക്തമാക്കി. എന്നാൽ നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്റെ പകർപ്പ് അത്യാവശ്യമാണെന്നും തെളിവുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. മെമ്മറി കാർഡ് തൊണ്ടിമുതലാകാം. എന്നാൽ അതിലെ ദൃശ്യങ്ങൾ രേഖയാണ്. അത് ലഭിക്കണമെന്നും റോത്തഗി പറഞ്ഞു.
ഇക്കാര്യത്തിൽ തീരുമാനം വരുന്നത് വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാർ നേരത്തേ അനുകൂലിച്ചിരുന്നു. തീരുമാനം വൈകുന്നതിനാൽ വിചാരണ തടസപ്പെടുന്ന സാഹചര്യമാണെന്നാണ് സംസ്ഥാനം കഴിഞ്ഞദിവസം കോടതിയെ അറിയിച്ചത്.