ന്യൂഡൽഹി: ഇന്നലെ ഫലം പ്രഖ്യാപിച്ച സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ മകൻ സോഹ്‌റും ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ മകൻ പുൽകിതും. പുൽകിത് 96.4ശതമാനവും സോഹ്‌റ് സോഹ്‌റ് 91 ശതമാനവും മാർക്കു നേടി. കേജ്‌രിവാളിന്റെ പത്നി സുനിതാ കേജ്‌രിവാളും സ്മൃതി ഇറാനിയും ട്വിറ്ററിലൂടെയാണ് മക്കളുടെ ജയം അറിയിച്ചത്.
ലോക കെംപോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി തിരിച്ചെത്തിയ മകൻ 12-ാം ക്ളാസ് പരീക്ഷയിലും മികച്ച പ്രകടനം കാഴ്‌ച വച്ചുവെന്ന് സ്‌മൃതി പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്‌മി നേതാവുമായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എം.എൽ.എ തുടങ്ങിയവർ പുൽകിതിനെ അഭിന്ദിച്ചു. കേജ്‌രിവാളിന്റെ മൂത്ത മകളും ഐ.ഐ.ടി വിദ്യാർത്ഥിനിയുമായ ഹർഷിത 2014ൽ 96 ശതമാനം മാർക്കു നേടിയാണ് 12-ാം ക്ളാസ് വിജയിച്ചത്. മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു.