dileep

ജൂലായിൽ കേസ് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാ‌ർഡിന്റെ പകർപ്പ് വേണമെന്ന പ്രതി നടൻ ദീലിപിന്റെ ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു.

മെമ്മറികാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് വ്യക്തമായി അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി വ്യാഴാഴ്ച നിർദ്ദേശിച്ചിരുന്നു. നിലപാടറിയിക്കാൻ സർക്കാർ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിചാരണ സ്റ്റേ ചെയ്ത് ജസ്റ്റിസ്‌മാരായ എ.എം. ഖാൻവിൽക്കർ, അജയ്‌രസ്തോഗി എന്നിവരുടെ ബെഞ്ച് വിശദമായ വാദത്തിന് ഹർജി മാറ്റിയത്. കോടതിയുടെ വേനലവധികഴിഞ്ഞ് ജൂലായ് മൂന്നാംവാരത്തിൽ വീണ്ടും ഹർജി പരിഗണിക്കും.

ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും സുപ്രീംകോടതി ഉത്തരവോടെ വിചാരണ വൈകും. ഹർജിയിൽ തീരുമാനം വരുന്നത് വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാനം നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

മെമ്മറികാർഡ് തൊണ്ടിമുതലാണെന്നാണ് സർക്കാർ നേരത്തേ വാദിച്ചത്. എന്നാൽ ദൃശ്യങ്ങൾ രേഖയാണെന്നാണ് ദിലീപിന്റെ വാദം. മെമ്മറി കാർഡ് രേഖയാണെങ്കിൽ,പകർപ്പ് നൽകുന്നതിൽ വിചാരണക്കോടതി ജഡ്‌ജിക്ക് തീരുമാനമെടുക്കാമെന്നും തൊണ്ടിമുതലാണെങ്കിൽ ഭാവിയിയിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കുമ്പോൾ നിയമതടസങ്ങളുണ്ടായേക്കുമെന്നും കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ വച്ച് ഒന്നാംപ്രതി പൾസർ സുനി മൊബൈലിൽ പകർത്തിയതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വാദം. മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാണ് ദീലിപിന്റെ ആവശ്യം. ചോരാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്ത് വിചാരണക്കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതോടെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

മെമ്മറികാർഡിന്റെ പകർപ്പ് നൽകിയാൻ ചോരാൻ സാദ്ധ്യതയുണ്ടെന്നും ഇരയുടെ മൗലികാവകാശങ്ങളും സ്വകാര്യതയ്ക്കുള്ള അവകാശവും കണക്കിലെടുക്കാതെ ദൃശ്യങ്ങളുടെ പകർപ്പ് നൽകിയാൽ കേസിനെ ബാധിക്കുമെന്നുമാണ് സർക്കാർ നിലപാട്.