അമേതിയിൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് ടിക്കരിയ.കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വി.വി.ഐ.പി മണ്ഡലത്തിലാണെങ്കിലും ഒരു സാധാ കർഷക ഗ്രാമം.
റോഡരികിൽ സ്വന്തം എസ്.യു.വിയിൽ ചാരിനിന്നാണ് ഗ്രാമപ്രധാൻ അരുൺ മിശ്രയുടെ സംസാരം: ''ശരിയാണ്; സ്‌മൃതി ഇറാനി ആരവമുണ്ടാക്കുന്നുണ്ട്. പക്ഷേ, അമേതിയുടെ ഹൃദയം കോൺഗ്രസിനൊപ്പമാണ്.''
അദ്ദേഹം തുടർന്നു പറയുന്നു: നിയമസഭയിൽ ബി.ജെ.പിയാണ് നേട്ടമുണ്ടാക്കിയത്. പക്ഷേ, ലോക്‌സഭയിൽ ഗാന്ധി കുടുംബത്തിനാണ് വോട്ട്. സ്‌മൃതി ഇറാനി നന്നായി പരിശ്രമിക്കുന്നു. പ്രചാരണത്തിൽ മുന്നിലെന്ന പ്രതീതിയുണ്ടാക്കുന്നുണ്ട്. ചിലപ്പോൾ രാഹുലിന്റെ ഭൂരിപക്ഷം കുറയ്‌ക്കാൻ അവർക്കു കഴിഞ്ഞേക്കും. അത്രയേയുള്ളൂ.
അമേതിയിൽ വികസനമില്ലെന്ന പ്രചാരണം ശരിയല്ല. പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട്,എച്ച്.എ.എൽ, സഞ്ജയ് ഗാന്ധി ആശുപത്രി, റെയിൽ നീർ ഫാക്‌ടറി.... അങ്ങനെ നിരവധി സ്ഥാപനങ്ങളുണ്ട്, മണ്ഡലത്തിൽ. രാഹുൽ വന്ന ശേഷം റോഡും വെള്ളവും വെളിച്ചവുമെത്തി. സ്‌മൃതി ഇറാനി അവകാശപ്പെടുന്ന ആയുധ ഫാക്‌ടറി പോലും കോൺഗ്രസ് തുടങ്ങിയതാണ്. മണ്ഡലത്തിലെ ട്രിപ്പിൾ ഐ.ഐ.ടി ബി.ജെ.പി മറ്റൊരിടത്തേക്കു മാറ്റി.
രാഹുൽ അമേതിയിൽ നിന്ന് ഒളിച്ചോടിയെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തവണ മോദി രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചത് പേടിച്ചിട്ടാണോ?" അരുൺ മിശ്രയുടെ ചോദ്യം.
അരുൺ മിശ്രയ്‌ക്കു കീഴിലുള്ള തൊട്ടടുത്ത ഗ്രാമമാണ് മൗജിയ ടിക്കരിയ. ഹൈവേയിൽ നിന്ന് ഗ്രാമത്തിലേക്കുള്ള റോഡിന് ടാറിന്റെ പരിരക്ഷ അധികമില്ല. തകർന്നും ഇടുങ്ങിയതുമായ റോഡ്. കുറേ ചെന്നപ്പോൾ കർഷകനായ രാജാറാം പാണ്ഡെയെയും ഭാര്യ ലീലാറാം പാണ്ഡെയെയും കണ്ടു. ''രാഹുൽ പ്രത്യേകിച്ച് ഒരു നേട്ടവും ഗ്രാമത്തിനുണ്ടാക്കിയിട്ടില്ല. കൃഷിയിൽ നിന്നുള്ള വരുമാനമാണ് ജീവിതമാർഗം. ബി.ജെ.പിയാണ് ജയിക്കുക. മോദിയാണ് നല്ലത്." രാജാറാം പറഞ്ഞു.
അമേതി ടൗണിൽ ഫർണിച്ചർ ഷോപ്പിൽ കണ്ട മുഹമ്മദ് അഫ്‌താഖ് രാഹുലിനൊപ്പമാണ്.' ഇക്കുറി രാഹുലിന്റെ ഭൂരിപക്ഷം മൂന്നു ലക്ഷം കവിയും '' ടൗണിലെ കോൺഗ്രസ് ഓഫീസിൽ തിരഞ്ഞെടുപ്പിന്റെ ആവേശവും ആരവവും കണ്ടില്ല. പക്ഷേ അമേതി നഗർ കോൺഗ്രസ് അദ്ധ്യക്ഷൻ പർവേസ് ഖാന് ഉറപ്പ്: "പ്രാദേശിക തിരഞ്ഞെടുപ്പു പോലെ വീടു വീടാന്തരം കയറിയാണ് പ്രചാരണം നടത്തുന്നത്. രാഹുലിന്റെ ഭൂരിപക്ഷം കൂടും.''
അമേതിയിൽ രാഹുലിനെതിരെ മഹാസഖ്യം സ്ഥാനാർത്ഥിയെ നിറുത്തിയിട്ടില്ല. മത്സരം രാഹുലും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും തമ്മിൽ മാത്രം. മണ്ഡലം എങ്ങനെയും പിടിക്കുമെന്ന പ്രചാരണം സ്‌മൃതി ഇറാനിയും ബി.ജെ.പിയും നയിക്കുന്നുണ്ട്. 2014-ൽ രാഹുലിന്റെ ഭൂരിപക്ഷം കുറയ്‌ക്കാനായതും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമേതി ലോക്‌സഭാ മണ്ഡലത്തിനു കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ജയിച്ചതുമാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം.
തിലോയ‌്, സലൊൺ, ജഗ‌്ദിഷ‌്പൂർ, ഗൗരിഗഞ്ച‌്, അമേത്തി എന്നീ അഞ്ച‌് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ‌് അമേതി ലോക‌്സഭാ മണ്ഡലം. 2017-ൽ നാലിടത്ത് ബി.ജെ.പി ജയിച്ചപ്പോൾ എസ്.പിക്ക് ഒരു സീറ്റി കിട്ടി. കോൺഗ്രസ് പൂജ്യം. കോൺഗ്രസിനേക്കാൾ 1.09 ലക്ഷം വോട്ട‌് ബിജെപിക്ക‌് അധികം ലഭിച്ചു.
അമേത്തി നിയമസഭാ മണ്ഡലത്തിലായിരുന്നു കോൺഗ്രസിന‌് കനത്ത തിരിച്ചടി. ഇവിടെ ബി.ജെ.പി
സ്ഥാനാർത്ഥി ഗരിമ സിങ‌് 64,226 വോട്ടോടെ വിജയിച്ചപ്പോൾ കോൺഗ്രസ‌് നാലാമതായി. തിങ്കളാഴ്‌ചയാണ് അമേതിയിലെ വോട്ടെടുപ്പ്.