pm-modi-movie-release

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച പി.എം മോദി സിനിമ മെയ് 24ന് റിലീസ് ചെയ്യും. പ്രതിപക്ഷ പാർട്ടികളുടെ പരാതിയെ തുടർന്ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരുന്നു. ഒരു വ്യക്തിക്ക് പ്രാമുഖ്യം നൽകുന്ന സിനിമ തിരഞ്ഞെടുപ്പ് സമയത്ത് റിലീസ് ചെയ്താൽ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന കമ്മിഷന്റെ വിലയിരുത്തൽ സുപ്രീംകോടതിയും ശരിവച്ചു.

ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയിൽ രാജ്യത്തെ നിയമവാഴ്‌ചയെ ബഹുമാനിക്കുന്നുവെന്നും പ്രേക്ഷകരുടെ ആകാംക്ഷയും വലിയ ചർച്ചയും കണക്കിലെടുത്ത് വോട്ടെണ്ണൽ കഴിഞ്ഞ് അടുത്ത ദിവസം സിനിമ റിലീസ് ചെയ്യുകയാണെന്നും നിർമ്മാതാവ് സന്ദീപ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു. മെയ് 19വരെയാണ് സിനിമയുടെ റിലീസിന് വിലക്കുള്ളത്. മോദിയുടെ കുട്ടിക്കാലം മുതൽ 2014ൽ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതുവരെയുള്ള കഥയാണ് സിനിമയുടെ പ്രമേയം. സഹനിർമ്മാതാവു കൂടിയായ ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് മുഖ്യവേഷത്തിൽ.