ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിന് മുൻപ് 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കണമെന്നാവശ്യം തള്ളിയ സുപ്രീംകോടതി വിധിക്കെതിരെ 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകി. ഹർജി അടുത്തയാഴ്ച പരിഗണിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന് ഏപ്രിൽ എട്ടിന് നിർദ്ദേശം നൽകിയിരുന്നു. 50 ശതമാനം സ്ലിപ്പുകളെണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ നൽകിയ ഹർജി ഭാഗികമായി അനുവദിച്ചായിരുന്നു നടപടി. വലിയതോതിൽ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യവും വേണമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു 50 ശതമാനം സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യം കോടതി അംഗീകരിക്കാതിരുന്നത്. എന്നാൽ 50 ശതമാനമെന്ന ആവശ്യത്തിലുറച്ച നിൽക്കാൻ ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.
ഒരു നിയമസഭാമണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാനായിരുന്നു കമ്മിഷൻ നേരത്തേ തീരുമാനിച്ചിരുന്നത്. വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വിശ്വാസ്യത ഉറപ്പാക്കാൻ ഇത് 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ആറ് ദേശീയ പാർട്ടികളും 15 പ്രാദേശിക പാർട്ടികളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പോൾ ചെയ്ത വോട്ടുകളും 50 ശതമാനം സ്ലിപ്പുകളും ഒത്തുനോക്കിയാൽ ഫലപ്രഖ്യാപനം ആറുദിവസമെങ്കിലും വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഫലം വൈകിയാലും പകുതി വിവിപാറ്റുകളെങ്കിലും എണ്ണണമെന്നാണ് പ്രതിപക്ഷ നിലപാട്.
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഒാരോ പോളിംഗ് ബൂത്തുകളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ നമ്പർ അടക്കമുള്ള വിവരങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചു. സുപ്രീംകോടതി നിർദ്ദേശ പ്രകാരം എണ്ണേണ്ട അഞ്ച് വിവിപാറ്റ് സ്ളിപ്പുകൾ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കണമെന്നും കമ്മിഷന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, ജയ്‌റാം രമേശ്, മനു അഭിഷേക് സിംഗ്‌വി എന്നിവരടങ്ങിയ സംഘമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകിയത്.