ന്യൂഡൽഹി:സൈന്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും യു.പി.എ കാലത്തെ സർജിക്കൽ ആക്രമണത്തെ കളിയാക്കുന്ന മോദി സൈന്യത്തെ അപമാനിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. കരസേനയും വ്യോമസേനയുമെല്ലാം തന്റെ സ്വകാര്യ സ്വത്താണെന്നാണ് പ്രധാനമന്ത്രിയുടെ ധാരണ. യു.പി.എ കാലത്തെ സർജിക്കൽ ആക്രമണത്തിന്റെ വിവരങ്ങൾ സൈന്യം തന്നെ പുറത്തു വിട്ടിട്ടുണ്ട്. അത് വീഡിയോ ഗെയിം ആണെന്ന് പറയുന്ന മോദി സൈന്യത്തെ അപമാനിക്കുകയാണ്. കോൺഗ്രസ് സൈന്യത്തെ രാഷ്‌ട്രീയവത്‌ക്കരിക്കില്ല. സൈന്യം രാജ്യത്തിന്റെ സ്വത്താണ്. അതിനെ അപമാനിക്കരുത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ സമ്മർദ്ദത്തിന് അടിമപ്പെട്ട് പക്ഷപാതപരമായി പെരുമാറുന്നു. തൊഴിലില്ലായ്മ അടക്കമുള്ള വിഷയത്തിൽ പ്രധാനമന്ത്രിക്ക് മറുപടിയില്ല. മോദി സർക്കാർ 15 വർഷമെങ്കിലും ഭരിക്കുമെന്ന അഞ്ചു വർഷം മുമ്പുള്ള സാഹചര്യം മാറി. മോദിയെ കോൺഗ്രസ് തകർത്തെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് പ്രകടന പത്രികയിൽ തൊഴിൽ അവസങ്ങൾക്കായി ഒരു അദ്ധ്യായം തന്നെയുണ്ട്. എന്നാൽ ബി.ജെ.പി ഒന്നും പറയുന്നില്ല. പ്രധാനമന്ത്രി അതേക്കുറിച്ച് മൗനം പാലിക്കുകയാണ്. തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ സംവാദത്തിന് മോദിയെ വീണ്ടും വെല്ലുവിളിക്കുന്നു. അനിൽ അംബാനിയുടെ വീട്ടിലൊഴികെ എവിടെയും മോദിയുമായി സംവാദത്തിന് തയ്യാറാണ്.തിരഞ്ഞെടുപ്പ് കഴിയും മുമ്പ് ഒരു പത്രസമ്മേളനമെങ്കിലും അദ്ദേഹം നടത്തണം. അല്ലെങ്കിൽ നാണക്കേടാണ്.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തിൽ പ്രസ്‌താവന നടത്തിയതിനാണ് താൻ മാപ്പു പറഞ്ഞത്. കാവൽക്കാരൻ കള്ളനാണെന്നത് ഒരു വസ്‌തുതയാണ്. അതിൽ മാറ്റമൊന്നുമില്ലെന്നും രാഹുൽ പറഞ്ഞു..