election-2019

യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ കടുത്ത ചൂടായിരുന്നു. റോഡരികിൽ,​ ആശ്വാസം തേടി കയറിയ കടയുടെ മേൽക്കൂരയാണെങ്കിൽ ആസ്ബസ‌്റ്റോസും. എതിർവശത്ത് റിലയൻസിന്റെ വമ്പൻ സിമെന്റ് ഫാക്‌ടറി. കർഷകനായ മൽത്തുലാലിന്റെ മക്കളിലൊരാൾക്ക് ഇവിടെയാണ് ജോലി. കടുത്ത ഗാന്ധിപരിവാർ അനുയായിയാണ് മൽത്തുലാൽ. ''ഇന്ദിരാജിയെയും സോണിയാജിയെയും കണ്ടിട്ടുണ്ട്. പ്രിയങ്കയെ ഇതുവരെ കാണാൻ പറ്റിയില്ല.'' എഴുപതു കടന്ന മൽത്തുലാൽ പറഞ്ഞു.

"റായ്ബറേലിയിൽ വികസനം കൊണ്ടുവന്നത് ഗാന്ധി കുടുംബമാണ്. സോണിയാജി പുതുതായി റെയിൽവെ കോച്ച് ഫാക്‌ടറി കൊണ്ടുവന്നു.വോട്ട് എന്നും ഗാന്ധി കുടുംബത്തിനു തന്നെ." കേരളത്തിലെ കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിക്കപ്പെട്ടതാണ് മൽത്തുലാൽ പറഞ്ഞ റായ്ബറേലിയിലെ കോച്ച് ഫാക്ടറി.

കടയിൽ നിന്നിറങ്ങി തൊട്ടടുത്ത ഗ്രാമത്തിലേക്കാണ് പോയത്. സേക്കൻകാപുര ഗ്രാമം. ഹൈവേയോടു ചേർന്നുള്ള ഗ്രാമമായിട്ടും സ്ഥിതി മെച്ചമല്ല . ആരാണ് എം.പിയെന്നുപോലും പലർക്കും അറിയില്ല. ഗ്രാമപ്രധാന്റെ വീടാണ് കൂട്ടത്തിൽ മെച്ചം. കൃഷിയാണ് ഉപജീവനം. യോഗി സർക്കാർ ഗോരക്ഷാനിയമം കർശനമാക്കിയതോടെ കാളകളുടെയും പശുക്കളുടെയും വിൽപ്പന പ്രതിസന്ധിയിലായി. കറവ വറ്റുന്ന പശുക്കളെ കൃഷിക്കാർ ഉപേക്ഷിക്കുന്നു. ഇവ കൃഷിയിടങ്ങളിലിറങ്ങി വിള നശിപ്പിക്കുന്നതാണ് പുതിയ തലവേദന. പശുവിൽ നിന്ന് എരുമ വളർത്തലിലേക്ക‌് കർഷകർ കൂട്ടത്തോടെ തിരിയുന്നതും ഗ്രാമത്തിൽ കാണാം. എരുമയാകുമ്പോൾ പാലിനും വിൽപ്പനയ്ക്കും തടസമില്ല.

റായ്ബറേലി ടൗണിലാണ് സോണിയാ ഗാന്ധിയുടെ ഓഫീസ്. മണ്ഡലത്തിൽ സോണിയയുടെ പ്രതിനിധി കെ.എൽ. ശർമ്മ. സോണിയയുടെ വിജയത്തെക്കുറിച്ച് അദ്ദേഹത്തിന് സംശയമില്ല. ഭൂരിപക്ഷം ഉയർത്തുന്നതിലാണ് ‌ശ്രദ്ധയെന്ന് ശർമ്മ പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം ദേശീയതലത്തിൽ പ്രവർത്തിച്ച നേതാവ് ഇന്ദ്രേഷ് വിക്രം റായ്ബറേലിയിൽ മാദ്ധ്യമവിഭാഗത്തിന്റെ ചുമതലയിലാണ്. സോണിയയ്‌ക്ക് വെല്ലുവിളികളില്ല. വിജയം സുനിശ്ചിതമാണെന്ന് ഇന്ദ്രേഷ് വിക്രം പറഞ്ഞു.
ഇത് അഞ്ചാം തവണയാണ് സോണിയാ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത്. നാലു തവണയും നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച സോണിയയ്‌ക്ക് ഇക്കുറിയും കാര്യങ്ങൾ എളുപ്പമായിരിക്കുമെന്നാണ് പ്രത്യക്ഷചിത്രം.

കോൺഗ്രസ‌് നേതാവായിരുന്ന ദിനേഷ‌് പ്രതാപ‌് ‌സിംഗാണ‌് ബി.ജെ.പി സ്ഥാനാർത്ഥി. കോൺഗ്രസ് എം.എൽ.സി ആയിരുന്ന ദിനേഷ് സിംഗ് 2018-ലാണ് പാർട്ടി വിട്ടത്. പ്രാദേശിക സ്വാധീനമുള്ള ദിനേഷ് സിംഗ് സോണിയയുടെ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക്. ദേശീയ അദ്ധ്യക്ഷൻ അമിത്ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണത്തിനെത്തിയിരുന്നു.

റായ്ബറേലിയിലെ പ്രചാരണത്തിന് രണ്ടോ മൂന്നോ തവണ മാത്രമാണ് സോണിയാ ഗാന്ധി എത്തിയത്. പത്രികാസമർപ്പണത്തിന് എത്തിയപ്പോൾ റോഡ് ഷോ നടത്തി. പ്രചാരണത്തിൽ സോണിയയുടെ അസാന്നിദ്ധ്യം നികത്തുന്നത് മകൾ പ്രിയങ്ക.

അമേതിയിൽ സഹോദരൻ രാഹുലിനു വേണ്ടിയെന്ന പോലെ റായ്ബറേലിയിൽ അമ്മയ്‌ക്കായും പ്രിയങ്ക സജീവം. ചെറു ജനസഭകളിലൂടെ ജനങ്ങളുമായി അടുത്തുനിന്ന് സംസാരിക്കുന്ന പ്രിയങ്ക മണ്ഡലത്തിൽ നിറ‌ഞ്ഞുനിൽക്കുന്നു. നാളെയാണ് റായ്ബറേലി പോളിംഗ് ബൂത്തിലെത്തുക.

2004- ൽ 2.49 ലക്ഷമായിരുന്നു സോണിയയുടെ ഭൂരിപക്ഷം. ഇരട്ടപ്പദവി വിഷയത്തിൽ രാജിവച്ചതിനെ തുടർന്ന‌് 2006-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 4.17 ലക്ഷമായി. 2014-ൽ 3.52 ലക്ഷം. മണ്ഡലത്തിലെ അഞ്ച‌് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടു വീതം സീറ്റുകൾ കോൺഗ്രസും ബി.ജെ.പിയും,​ ഒരിടത്ത‌് എസ‌്.പിയും കൈവശം വച്ചിരിക്കുന്നു. എസ്.പി- ബി.എസ്.പി മഹാസഖ്യം സ്ഥാനാർത്ഥിയെ നിറുത്താത്തതുകൊണ്ട് സോണിയയുടെ ഭൂരിപക്ഷം ഉയരുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.