rafale-case

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഫ്രഞ്ച് സർക്കാരുമായുള്ള ഉടമ്പടിയുടെ പുരോഗതി വിലയിരുത്തുക മാത്രമാണ് ചെയ്‌തതെന്നും പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയിൽ. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിയെ കരാറിന്റെ ഒാഫ്സെറ്റ് പങ്കാളിയാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നും ആവർത്തിക്കുന്നുണ്ട്.

സർക്കാരിന് ക്ളീൻ ചിറ്റ് നൽകിയ ഡിസംബർ 14ന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹർജിയിലാണ് പുതിയ സത്യവാങ്‌മൂലം.

സർക്കാരുകൾ തമ്മിലുള്ള ഇടപാടിന്റെ പുരോഗതി വിലയിരുത്തുന്നത് ഇടപെടലോ, സമാന്തര കൂടിയാലോചനയായോ വിശേഷിപ്പിക്കാനാകില്ല. എല്ലാ നടപടിക്രമങ്ങളും സുതാര്യമായിരുന്നു. ഫ്രാൻസിൽ നടന്ന ചർച്ചയുടെ തുടർച്ചയായി പ്രധാനമന്ത്രിയുടെ ഒാഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഒാഫീസും ഇടപാടിന്റെ പുരോഗതി വിലയിരുത്തിയിരുന്നു.പുനഃപരിശോധനാ ഹർജി നൽകിയ മുൻ കേന്ദ്രമന്ത്രിമാരും മുൻ ബി.ജെ.പി നേതാക്കളുമായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ സർക്കാരുകൾ തമ്മിലുള്ള ആഭ്യന്തര നടപടികൾ പരസ്യമാക്കാനും രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നതെന്ന് സത്യവാങ്‌മൂലത്തിൽ ആരോപിക്കുന്നു.

സത്യവാങ്മൂലത്തിൽ പറയുന്നവ

 അനിൽ അംബാനിയുടെ കമ്പനിയെ ഒാഫ്സെറ്റ് പങ്കാളിയായി നിശ്‌ചയിച്ചതും റാഫേലുമായി ബന്ധമില്ല.

 ഒാഫ്സെറ്റ് പങ്കാളിയെ നിശ്‌ചയിച്ചത് വിമാന കമ്പനി

 126 വിമാനങ്ങളുടെ ആദ്യ കരാർ പ്രായോഗികമായിരുന്നില്ല.

 കരാർ നടപ്പാക്കാനാകാതെ 15 വർഷം നഷ്‌ടമായി

 തുടർന്നാണ് 36 വിമാനങ്ങളുടെ പുതിയ ഇടപാട് വേണ്ടിവന്നത്