election-2019

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആംആദ്‌മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ മുഖത്തടിച്ച യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഡൽഹി കൈലാഷ് പാർക്കിൽ സ്‌പെയർപാട്സ് കച്ചവടം നടത്തുന്ന സുരേഷ്(33) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ന്യൂഡൽഹി മണ്ഡലത്തിലെ മോത്തിനഗറിൽ പാർട്ടി സ്ഥാനാർത്ഥി ബ്രിജേഷ് ഗോയലിനു വോട്ടു ചോദിച്ച് തുറന്ന ജീപ്പിൽ റോഡ് ഷോ നടത്തുന്നതിനിടെയാണ് സംഭവം. ജീപ്പിന്റെ ബോണറ്റിനു മുകളിലൂടെ ചാടിക്കറിയ സുരേഷ് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്ന കേജ്‌രിവാളിന്റെ ഇടതു കരണത്ത് അടിക്കുകയായിരുന്നു. പെട്ടെന്ന് പിന്നോട്ട് ചരിഞ്ഞതിനാൽ കേജ്‌രിവാളിന് കാര്യമായ ക്ഷതമേറ്റില്ല. മറുവശത്തേക്ക് ചാടി രക്ഷപ്പെടാൻ തുനിഞ്ഞ ഇയാളെ ആംആദ്‌മി പ്രവർത്തകർ പിടികൂടി പൊതിരെ തല്ലി. പൊലീസ് എത്തി മോചിപ്പിച്ച ശേഷം ഇയാളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ആക്രമത്തിന് പിന്നിൽ ഡൽഹിയിലെ പ്രതിപക്ഷമാണെന്ന് ആംആദ്‌മി പാർട്ടി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും കേജ്‌രിവാളിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണോ എന്ന് മനീഷ് സിസോദിയ ചോദിച്ചു. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാകില്ലെന്ന് മനസിലായതോടെ ഇല്ലാതാക്കാനാണ് ചില ഭീരുക്കളുടെ ശ്രമം. കേജ്‌രിവാൾ നിങ്ങൾക്ക് അന്ത്യം കുറിക്കുമെന്നും സിസോദിയ പ്രതിരിച്ചു. തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളും ആക്രമണത്തെ അപലപിച്ചു.

 മുൻ ആക്രമണങ്ങൾ:

പല ചടങ്ങുകൾക്കിടെ കരണത്തടി, കരിഒായിൽ പ്രയോഗം, ചീമുട്ടയേറ് തുടങ്ങിയ പല വിധ കൈയേറ്റങ്ങൾക്ക് ഇരയായിട്ടുള്ള ആളാണ് അരവിന്ദ് കേജ്‌രിവാൾ. പരാതിയില്ലെന്ന കേജ്‌രിവാളിന്റെ അഭ്യർത്ഥനയെ തുടർന്ന് പ്രതികളെ വെറുതെ വിടുകയാണ് പതിവ്. കഴിഞ്ഞ നവംബറിൽ സെക്രട്ടേറിയറ്റിൽ കേജ്‌രിവാളിന്റെ ഒാഫീസിലെത്തിയ ഒരു യുവാവ് മുഖത്ത് മുളകു പൊടി എറിഞ്ഞിരുന്നു. 2016ൽ പത്രസമ്മേളനത്തിനിടെ ഒരാൾ കേജ‌്‌രിവാളിനു നേരെ ഷൂ എറിഞ്ഞു. ഡൽഹി ഛത്രസാൾ സ്‌റ്റേഡിയത്തിലെ ഒരു ചടങ്ങിനിടെ ഒരു സ്‌ത്രീ മഷി തൂകി. 2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നലത്തേതിനു സമാനമായി ഒരാൾ പ്രചാരണ വാഹനത്തിലേക്ക് കയറിവന്ന് മുഖത്തടിച്ചിരുന്നു.