me-too-allegations

ന്യൂഡൽഹി: മീടൂ ലൈംഗികാരോപണം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തക പ്രിയാ രമണിക്കെതിരെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ എം.ജെ. അക്‌ബർ നൽകിയ മാനഹാനി ഹർജിയിൽ ഡൽഹി പാട്യാലാ കോടതിയിൽ വിചാരണ തുടങ്ങി. രമണിയുടെ അഭിഭാഷകയുടെ ചോദ്യങ്ങൾക്ക് പഴയ സംഭവങ്ങൾ ഒാർമ്മയില്ലെന്ന മറുപടിയാണ് അക്ബർ നൽകിയത്. ഇരുപക്ഷത്തെയും അഭിഭാഷകർ തമ്മിലുള്ള വാഗ്വാദങ്ങൾക്കും കോടതി മുറി സാക്ഷിയായി. പ്രിയാ രമണിക്ക് പിന്തുണയുമായി നിരവധി വനിതാ മാദ്ധ്യമ പ്രവർത്തകർ കോടതിയിൽ എത്തിയിരുന്നു.

മീടു പ്രചാരണത്തിന്റെ ഭാഗമായി ലൈംഗികാരോപണം ഉന്നയിച്ച ഏഷ്യൻ എയ്ജ് ദിനപത്രത്തിലെ മുൻ ജീവനക്കാരി പ്രിയാ രമണിക്കു വേണ്ടി അഭിഭാഷകൻ റബേക്കാ ജോൺ ആണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് സമർവിശാലിനുമുന്നിൽ അക്ബറിനെ വിചാരണ ചെയ്‌തത്. പ്രിയാ രമണിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒാർമ്മയില്ലെന്ന മറുപടിയാണ് അക്ബർ നൽകിയത്.

അക്ബറിന് ചില പരിപാടികളിൽ പങ്കെടുക്കാനുണ്ടെന്ന അഭ്യർത്ഥന മാനിച്ച് തുടർ വിചാരണ മെയ് 20ലേക്ക് മാറ്റിയ കോടതി അടുത്ത തവണ ഒരു ദിവസം മുഴുവൻ കോടതിയിൽ നിൽക്കാൻ തയ്യാറായി വരണമെന്നും ഒാർമ്മിപ്പിച്ചു.