gogoi

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടെ നടപടികളിൽ മുതിർന്ന രണ്ട് ജഡ്‌ജിമാർ വിയോജിച്ചെന്ന വാർത്ത സുപ്രീംകോടതി നിഷേധിച്ചു. സമിതി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. മറ്റ് ജഡ്‌ജിമാരുടെ അഭിപ്രായം തേടാറില്ലെന്നും സുപ്രീംകോടതി സെക്രട്ടറി ജനറലിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
പരാതിക്കാരിയുടെ അഭാവത്തിൽ അന്വേഷണവുമായി സമിതി ഏകപക്ഷീയമായി മുന്നോട്ടുപോകുന്നതിൽ ജസ്റ്റിസുമാരായ രോഹിന്റൺ നരിമാനും ഡി.വൈ. ചന്ദ്രചൂഡും സമിതി അദ്ധ്യക്ഷൻ എസ്.എ. ബോബ്ഡെയെ കണ്ട് വിയോജിപ്പ് അറിയിച്ചെന്ന് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്‌തിരുന്നു. സിറ്റിംഗിൽ തനിക്കൊപ്പം അഭിഭാഷകയെയോ അമിക്കസ് ക്യൂറിയെയോ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം സമിതി പരിഗണിക്കണമെന്നും വെള്ളിയാഴ്‌ച വൈകിട്ട് നടന്ന കൂടിക്കാഴ്‌ചയിൽ ഇവർ ഉന്നയിച്ചെന്നാണ് റിപ്പോർട്ട്.
സുപ്രീംകോടതിയിലെ സീനിയോറിട്ടി പ്രകാരം അഞ്ചാമതാണ് ജസ്റ്റിസ് രോഹിന്റൺ നരിമാൻ. 2022ൽ ചീഫ് ജസ്റ്റിസാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഡി.വൈ. ചന്ദ്രചൂഡ് നിലവിൽ സീനിയോറിട്ടി നിരയിൽ പത്താമതാണ്. അതേസമയം തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് പരാതിക്കാരി ഏപ്രിൽ 29ന് അറിയിച്ചിരുന്നു.