election-2019

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിൽ ഇന്നു നടക്കും. ഉത്തർപ്രദേശ് (14), രാജസ്ഥാൻ (12),പശ്ചിമ ബംഗാൾ (7), മദ്ധ്യപ്രദേശ് (7), ബീഹാർ (5),ജാർഖണ്ഡ് (4) ജമ്മുകാശ്മീർ (2) എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി (അമേതി),യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി (റായ്ബറേലി), കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് (ലക്‌നൗ) തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഇന്ന് വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ 38 സീറ്റും 2014-ൽ നേടിയത്. ബി.ജെ.പിയാണ്, സഖ്യകക്ഷികളുടെ മൂന്നു സീറ്റ് കൂടി ചേർന്ന് 41 സീറ്റ് എൻ.ഡി.എയ്‌ക്കു കിട്ടി. കോൺഗ്രസിന് രണ്ട്.

യു.പിയിലെ 14 മണ്ഡലങ്ങളിൽ റായ്ബറേലിയും അമേതിയും ഒഴികെ പന്ത്രണ്ടു മണ്ഡലങ്ങളും ബി.ജെ.പിക്കൊപ്പമായിരുന്നു. ബീഹാറിൽ അഞ്ചിൽ മൂന്നിടത്ത് ബി.ജെ.പി ജയിച്ചു. രണ്ടെണ്ണം സഖ്യകക്ഷികൾക്ക്. രാജസ്ഥാനിലെ പന്ത്രണ്ടും മദ്ധ്യപ്രദേശിലെ ഏഴും ജാർഖണ്ഡിലെ നാലും സീറ്റുകൾ ബി.ജെ.പിക്കായിരുന്നു. ജമ്മുകശ്‌മീരിലെ ലഡാക്കിലും താമര വിരിഞ്ഞു.

കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡും ഡിസ്‌കസ് താരം കൃഷ്‌ണ പൂനിയയും ഏറ്റുമുട്ടുന്ന ജയ്‌പുർ റൂറൽ, കേന്ദ്രമന്ത്രി അർജുൻ മെഘ്‌വാൾ മത്സരിക്കുന്ന ബിക്കാനീർ എന്നിവയാണ് രാജസ്ഥാനിൽ ഈ ഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങൾ.