election-2019

ന്യൂഡൽഹി: പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ തന്റെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതു ചോദ്യം ചെയ്‌ത് മുൻ ബി.എസ്.എഫ് ജവാൻ തേജ് ബഹാദൂർ യാദവ് സുപ്രീംകോടതിയിൽ. നാമനിർദ്ദേശ പത്രികയോടൊപ്പം പിരിച്ചുവിടൽ ഉത്തരവും ഹാജരാക്കിയിരുന്നെന്ന് തേജ് ബഹാദൂർ ഹർജിയിൽ ചൂണ്ടിക്കാട്ടി.

അച്ചടക്കരാഹിത്യം ആരോപിച്ചാണ് നടപടിയെടുത്തതെന്ന് പിരിച്ചുവിടൽ ഉത്തരവിലുണ്ട്. അഴിമതിയോ രാജ്യദ്രോഹക്കുറ്റമോ അല്ല തന്റെ പേരിൽ ആരോപിക്കപ്പെട്ടതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. അതിനാൽ പ്രത്യേക സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. രേഖ ആവശ്യപ്പെട്ടെങ്കിലും മതിയായ സമയം അനുവദിച്ചില്ല.

മേയ് ഒന്നിനു രാവിലെ 11 ന് രേഖ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 30 വൈകിട്ട് ആറിനാണ് നോട്ടീസ് നൽകിയത്. മഹാസഖ്യത്തിന്റെ പിന്തുണയോടെയുള്ള തന്റെ സ്ഥാനാർത്ഥിത്വം തള്ളിയത് ഭരണകക്ഷിയിലെ സ്ഥാനാർത്ഥിക്ക് അനായാസജയം ഉറപ്പാക്കാനാണ്. വരണാധികാരിയുടെ നടപടി ഏകപക്ഷീയവും തെറ്റുമാണെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന നൽകിയ ഹർജിയിൽ തേജ്‌ബഹാദൂർ ആരോപിക്കുന്നു.

ബി.എസ്.എഫിലെ മോശം ഭക്ഷണത്തെക്കുറിച്ച് സമൂഹ മാദ്ധ്യമത്തിൽ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്‌തിനാണ് വിചാരണ നടപടികൾക്കു ശേഷം തേജ് ബഹാദൂറിനെ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ ആദ്യം സ്വതന്ത്രനായി നാമനിർദ്ദേശപത്രിക നൽകിയ തേജ്ബഹാദൂറിന് പിന്നീട് സമാജ്‌വാദി പാർട്ടി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് വീണ്ടും നാമനിർദ്ദേശപത്രിക നൽകി.

സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടതിനുള്ള കാരണം വ്യക്തമാക്കുന്ന രേഖ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിക്കാതിരുന്നത് ചൂണ്ടിക്കാട്ടി തേജ് ബഹാദൂറിന്റെ പത്രിക വരാണാധികാരി തള്ളി. അഴിമതി,രാജ്യദ്രോഹക്കുറ്റം എന്നിവയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കപ്പെടുന്നവർക്ക് അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്. പുറത്താക്കിയത് ഈ കാരണങ്ങൾ കൊണ്ടല്ലെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് തേജ് ബഹാദൂറിനോട് ആവശ്യപ്പെട്ടത്.