ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സുപ്രീംകോടതി പരിശോധിക്കും. രേഖകൾ ഹാജരാക്കാൻ കോൺഗ്രസിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് അനുമതി നൽകി. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സുഷ്മിതാ ദേവിന്റെ ഹർജിയിലാണ് നടപടി. ഹർജി നാളെ വീണ്ടും പരിഗണിക്കും.
ക്ലീൻ ചിറ്റ് നൽകാനുള്ള കാരണം തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചിട്ടില്ലെന്ന് കോൺഗ്രസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. തീർപ്പാക്കിയ ആറ് പരാതികളിൽ അഞ്ചിലും കമ്മിഷനിലെ ഒരംഗം വിയോജിച്ചിട്ടുണ്ട്. പരാതി നൽകി 30-40 ദിവസം കഴിഞ്ഞാണ് തീരുമാനം വന്നത്. മാതൃകാ പെരുമാറ്റച്ചട്ടം ലഘിച്ചെന്ന പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മാർഗരേഖ പുറത്തിറക്കണമെന്നും ഭാവിയിലെങ്കിലും ഇത് ഗുണം ചെയ്യുമെന്നും സിംഗ്‌വി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ മോദിയും ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെളിവ് സഹിതം പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്നായിരുന്നു സുഷ്മിതാ ദേവിന്റെ ഹർജി. മതത്തെയും സേനയുടെ നേട്ടങ്ങളെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിർദ്ദേശം ലംഘിച്ചെന്നാണ് ആരോപണം.