ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ 91.1% വിദ്യാർത്ഥികൾ വിജയിച്ചു. പാലക്കാട് കൊപ്പം പാൽഘട്ട് ലയൺസ് സ്‌കൂളിലെ ഭാവന എൻ. ശിവദാസ് 500 ൽ 499 മാർക്ക് നേടി 12 പേർക്കൊപ്പം ഒന്നാം റാങ്ക് പങ്കിട്ടു. 99.85 ശതമാനം വിജയവുമായി
കേരളം ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയാണ് മുന്നിൽ. ഭിന്നശേഷി വിഭാഗത്തിൽ ആദ്യ മൂന്നു റാങ്കും കേരളത്തിലാണ്. തൃശൂർ തിരുവമ്പാടി ദേവമാതാ സി.എം.ഐ പബ്ളിക് സ്കൂളിലെ ദിൽവിൻ പ്രിൻസ് ഒന്നാം റാങ്കും (493), കൊച്ചി നേവൽബേസ് കേന്ദ്രീയ വിദ്യാലയയിലെ സവാൻ വിഷോയ് (492) രണ്ടാം റാങ്കും, കൊച്ചി കാക്കനാട് ക്രിസ്‌തു ജയന്തി പബ്ളിക് സ്‌കൂളിലെ ഐറിൻ ട്രീസാ മാത്യു (491) മൂന്നാം റാങ്കും നേടി. കഴിഞ്ഞ വർഷം 86.7 ശതമാനമായിരുന്നു വിജയം. ഭാവനയ്‌ക്കൊപ്പം റാങ്ക് പങ്കിട്ട ഏഴ് വിദ്യാർത്ഥികൾ ഡെറാഡൂൺ മേഖലയിൽ നിന്നാണ്. തിരുവനന്തപുരത്തിനു പിറകിൽ ചെന്നൈ (99%), അജ്മീർ (95.89%) മേഖലകൾ മികച്ച വിജയം നേടി. കഴിഞ്ഞ വർഷവും തിരുവനന്തപുരമായിരുന്നു മുന്നിൽ, 99.60%.
പെൺകുട്ടികളുടെ വിജയം 92.45 %
ആൺകുട്ടികൾ 90.14%
ട്രാൻസ്ജെൻഡർ 94.74%
95 ശതമാനത്തിൽ കൂടുതൽ മാർക്കു നേടിയവർ 57256
കേന്ദ്രീയ വിദ്യാലയങ്ങളിൽ 99.47%
ജവഹർ നവോദയ വിദ്യാലയങ്ങൾ 98.57%