renjan-gogoi

ന്യൂഡൽഹി: മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിൽ കഴമ്പില്ലെന്ന പരാമർശത്തോടെ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകി.

ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയുടേതാണ് കണ്ടെത്തൽ.

സുപ്രീംകോടതിയിലെ അടുത്ത മുതിർന്ന ജഡ്ജിനാണ് ഞായറാഴ്ച റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിന്റെ പകർപ്പ് ചീഫ് ജസ്റ്റിസിനും കൈമാറി. 2003 ലെ ഇന്ദിരാ ജയ്സിംഗും സുപ്രീംകോടതിയും തമ്മിലുള്ള കേസിലെ വിധിയനുസരിച്ച് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി.

സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയാണ് കമ്മിറ്റി അദ്ധ്യക്ഷനായ എസ്.എ. ബോബ്ഡെ. അടുത്ത മുതിർന്ന ജഡ്ജി എൻ.വി. രമണയാണ്.

സമിതിയിൽ നിന്നു നീതി പ്രതീക്ഷിക്കുന്നില്ലെന്ന്ചൂണ്ടിക്കാട്ടി ഏപ്രിൽ 30ന് പരാതിക്കാരി ആഭ്യന്തര അന്വേഷണ സമിതിയുടെ നടപടികളിൽ നിന്ന് പിൻമാറിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സമിതി മുൻപാകെ ഹാജരായി മൊഴി നൽകിയിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാർക്ക് മുൻ ജീവനക്കാരി ഏപ്രിൽ 19നാണ് കത്ത് നൽകിയത്.

ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് എ.കെ. പട്നായിക്കിനെ സുപ്രീംകോടതി പ്രത്യേക ബെഞ്ച് നിയോഗിച്ചിട്ടുണ്ട്.

ജസ്റ്റിസ് ചന്ദ്രചൂഡ് കത്ത് നൽകിയെന്ന് റിപ്പോർട്ട്

ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ ഫുൾകോർട്ട് വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മേയ് രണ്ടിന് സമിതി അദ്ധ്യക്ഷൻ എസ്.എ. ബോബ്ഡെയ്ക്ക് കത്ത് നൽകിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. സമിതിയിൽ വിരമിച്ച വനിതാ ജഡ്ജിമാരിൽ ഒരാളെ ഉൾപ്പെടുത്തണം. റിട്ട. ജസ്റ്റിസ് രുമ പാൽ, റിട്ട. ജസ്റ്റിസ് സുജാത മനോഹർ എന്നിവരുടെ പേരും കത്തിൽ നിർദ്ദേശിച്ചു. മുതിർന്ന അഭിഭാഷകയെ അമിക്കസ് ക്യൂറിയായി നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഈ വാർത്ത സുപ്രീംകോടതി നിഷേധിച്ചിട്ടില്ല. അതേസമയം പരാതിക്കാരിയുടെ അഭാവത്തിൽ അന്വേഷണവുമായി സമിതി ഏകപക്ഷീയമായി മുന്നോട്ടുപോകുന്നതിൽ ജസ്റ്റിസുമാരായ രോഹിന്റൺ നരിമാനും ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് എസ്.എ. ബോബ്ഡെയെ നേരിട്ട്കണ്ട് വിയോജിപ്പ് അറിയിച്ചെന്ന വാർത്തകൾ കഴിഞ്ഞദിവസം സുപ്രീംകോടതി നിഷേധിച്ചിരുന്നു.