election-2019

അമേതിയിലും വയനാട്ടിലും വിജയിച്ചാൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഏതു മണ്ഡലമൊഴിയും? വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യമാണിത്. ലക്‌നൗവിൽ വച്ച് പരിചയപ്പെട്ട കോൺഗ്രസ് നേതാവിനോടും ഇതേ ചോദ്യം ആവർത്തിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ''രാഹുൽ വയനാട് സീറ്റ് നിലനിറുത്തും. പ്രിയങ്കാ ഗാന്ധി അമേതിയിൽ മത്സരിക്കും!'

കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞാൽ അമേതിയിൽ മത്സരിക്കുമെന്ന് പ്രിയങ്ക നേരത്തേ പ്രതികരിച്ചതും രാഹുൽ വയനാട് നിലനിറുത്തുമെന്ന സൂചന നൽകുന്നുണ്ട്. ഇക്കാര്യത്തിൽ നേതൃത്വം ധാരണയിലെത്തിയെന്നാണ് പറഞ്ഞു കേൾക്കുന്നത്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചത് അമേതിയിലെ പരാജയഭീതി കാരണമാണെന്ന് യു.പിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി വ്യാപകമായി ഉന്നയിക്കുന്നത്.

അമേതിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനിയാകട്ടെ, രാഹുൽ അമേതിയിൽ നിന്ന് ഒളിച്ചോടുകയാണെന്നാണ് പരിഹസിച്ചത്. രാഹുൽ വയനാട്ടിലേക്ക് പേടിച്ചോടിയതാണെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ കേരളകൗമുദിയോട് പ്രതികരിക്കുകയും ചെയ്‌തിരുന്നു.

2004-ൽ ആദ്യമായി അമേതിയിൽ നിന്ന് ലോക്‌സഭയിലെത്തുമ്പോൾ രാഹുലിന്റെ ഭൂരിപക്ഷം മൂന്നു ലക്ഷത്തിനടുത്തായിരുന്നു. 2009-ൽ മൂന്നരലക്ഷം കടന്നു. 2014ൽ സ്മൃതി ഇറാനി കടുത്ത മത്സരം ഉയർത്തിയതോടെ ഭൂരിപക്ഷം 1,07903 ആയി കുറഞ്ഞു. അമേതി ലോക‌്സഭാ മണ്ഡലത്തിനു കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്ത് 2017 ൽ ബി.ജെ.പിയാണ് വിജയിച്ചത്. ഒന്ന് എസ്.പി നേടി. കോൺഗ്രസ് പൂജ്യം. ഈ കണക്കുകൾ ഉന്നയിച്ചായിരുന്നു ബി.ജെ.പിയുടെ വാദം.

എന്നാൽ ഈ വാദം തള്ളിയ കോൺഗ്രസ് നേതൃത്വം. പ്രിയങ്കയ്‌ക്കു വേണ്ടിയാണ് രാഹുൽ വയനാട്ടിൽക്കൂടി മത്സരിച്ചതെന്നാണ് അമേതിയിൽ പാർട്ടി രഹസ്യമായി പറഞ്ഞത്. 2004 ൽ രാഹുൽ ഗാന്ധി ആദ്യമായി മത്സരിച്ചപ്പോൾ മുതൽ അമേതിയിൽ പ്രിയങ്ക സജീവമായുണ്ടായിരുന്നു. സ്‌മൃതി ഇറാനി കടുത്ത മത്സരമുയർത്തിയ ഇത്തവണയും രാഹുലിനായി കൂടുതൽ സമയം പ്രിയങ്ക മാറ്റിവച്ചു. വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക അറിയിച്ചിരുന്നെങ്കിലും അമേതിയെന്ന സുരക്ഷിത സീറ്റുള്ളപ്പോൾ റിസ്‌ക് എടുക്കേണ്ടെന്ന നിലപാടാണ് ചില നേതാക്കൾ സ്വീകരിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായി മത്സരരംഗത്തുണ്ടെങ്കിലും 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോൺഗ്രസ് പ്രിയങ്കയിലൂടെ ലക്ഷ്യമിടുന്നത്. കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയെന്ന ഉത്തരവാദിത്വത്തോടൊപ്പം യു.പി രാഷ്ട്രീയത്തിൽ അവരെ കൂടുതൽ സജീവമാക്കുകയെന്ന ലക്ഷ്യം അമേതിയിൽ പ്രിയങ്കയെ മത്സരിപ്പിക്കാനൊരുങ്ങുന്നതിനു പിന്നിലുണ്ട്. 2014ൽ അമേതിയിലും റായ്ബറേലിയിലും മാത്രമൊതുങ്ങിയ കോൺഗ്രസ് പ്രിയങ്കയുടെ പ്രചാരണത്തിന്റെ ലത്തിൽ ഇക്കുറി എട്ടു സീറ്റെങ്കിലും നേടുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.