modi

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതാവുമായ അന്തരിച്ച രാജീവ് ഗാന്ധിയുടെ പേരിൽ വിമർശനം അഴിച്ചുവിട്ട് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന.

കോൺഗ്രസിലെ കുടുംബവാഴ്‌ചക്കാരും ആശ്രിതരും മുഖസ്തുതിക്കാരും അഴിമതി ആരോപണ വിധേയനായ മുൻ പ്രധാനമന്ത്രിയുടെ പേരിൽ രണ്ടു ദിവസമായി കണ്ണീർ പൊഴിക്കുന്നു. ധൈര്യമുണ്ടെങ്കിൽ ആ പ്രധാനമന്ത്രിയുടെ ബഹുമാനാർത്ഥം ഡൽഹിയിൽ അടക്കം തിരഞ്ഞെടുപ്പിനെ നേരിടാനാൻ ധൈര്യമുണ്ടോ എന്നും ജാർഖണ്ഡിൽ ഇന്നലെ നടന്ന റാലിയിൽ കോൺഗ്രസിനെ പ്രധാനമന്ത്രി വെല്ലുവിളിച്ചു.

രാജീവ് ഗാന്ധിയെ അദ്ദേഹത്തിന്റെ സേവകർ മിസ്‌റ്റർ ക്ളീൻ എന്നു വിളിച്ചിട്ടുണ്ടാകാമെങ്കിലും ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് മരിച്ചതെന്നും കഴിഞ്ഞ ദിവസം മോദി വിമർശിച്ചിരുന്നു. റാഫേൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിക്കുന്ന കോൺഗ്രസിനെ അതേ നാണയത്തിൽ ആക്രമിക്കാനാണ് രാജീവ് ഗാന്ധിയെയും ബോഫോഴ്സ് കേസിനെയും മോദി തിരഞ്ഞെടുത്തത്.

 മോദിക്കെതിരെ കോൺഗ്രസ് പരാതി നൽകി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിളിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പൊതു റാലികളിൽ നിന്ന് വിലക്കണമെന്നാണ് യു.പി പി.സി.സി നൽകിയ പരാതിയിലെ ആവശ്യം. ബോഫോഴ്സ് കേസിൽ രാജീവിനെ ഡൽഹി ഹൈക്കോടതി വെറുതെ വിട്ടതാണ്. ബി.ജെ.പി നൽകിയ ഹർജി സുപ്രീംകോടതിയും തള്ളി. ഈ സാഹചര്യത്തിൽ ആരോപണം അടിസ്ഥാന രഹിതമാണ്. ഈ തിരഞ്ഞെടുപ്പിൽ മോദി നിരവധി തവണ പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും കമ്മിഷന് നടപടിയെടുക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവും പരാതിയിലുണ്ട്.