election-2019

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും അടക്കം നിരവധി പ്രമുഖർ ജനവിധി തേടിയ അഞ്ചാംഘട്ട വോട്ടെടുപ്പിൽ 62.56% പോളിംഗ്. ഏഴു സംസ്ഥാനങ്ങളിലെ 51 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പു നടന്നത്.

പശ്ചിമ ബംഗാളിൽ ബി.ജെ.പി- തൃണമൂൽ പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ സ്ഥാനാർത്ഥിയുടെ കാർ തകർന്നു. യു.പിയിലും പശ്ചിമബംഗാളിലും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയതും വോട്ടിംഗിനെ ബാധിച്ചു. ഏഴു മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന പശ്‌ചിമ ബംഗാളിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്- 73.97%. ജമ്മു കശ്‌മീരിലെ അനന്ത്നാഗിലാണ് കുറഞ്ഞ പോളിംഗ്- 2.81%.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടിംഗ് ശതമാനം ഇങ്ങനെ: ഉത്തർപ്രദേശ്- 57.33, ബീഹാർ- 57.86, പശ്‌ചിമ ബംഗാൾ- 73.97, ജാർഖണ്ഡ്- 63.72, മദ്ധ്യപ്രദേശ്- 62.60%, രാജസ്ഥാൻ- 63.75, ജമ്മു കശ്‌മീർ (അനന്ത്നാഗ്)- 2.81

പശ‌്ചിമബംഗാളിലെ ബരാക്ക്പോർ, ബംഗാവ്, ഹൗറ, ഹൂഗ്ളി മണ്ഡലങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. അംദാംഗയിൽ ബാരാക്ക്പോറിലെ ബി.ജെ.പി സ്ഥാനാർത്ഥി അർജുൻ സിംഗിന്റെ കാർ ചിലർ കല്ലെറിഞ്ഞ് തകർത്തു. മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു.

ബി.ജെ.പിയുടെ പോളിംഗ് ഏജന്റിനെ തൃണമൂൽ പ്രവർത്തകർ തടഞ്ഞത് അർജുൻ സിംഗ് ചോദ്യം ചെയ്‌തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രാവിലെ മറ്റൊരു ബൂത്തിൽ അതിക്രമിച്ചു കടക്കാനൊരുങ്ങിയ മുൻ തൃണമൂൽ നേതാവായ അർജുൻ സിംഗിനെ സുരക്ഷാ സേന തടഞ്ഞതിനെ ചൊല്ലിയും സംഘർഷമുണ്ടായി. തൃണമൂൽ സിറ്റിംഗ് എം.പി. ദിനേഷ് ത്രിവേദിക്കെതിരെയാണ് അർജുൻസിംഗ് മത്സരിക്കുന്നത്.

രാഹുൽ ഗാന്ധിയും ബി.ജെ.പിയുടെ സ്‌മൃതി ഇറാനിയും ഏറ്റുമുട്ടുന്ന അമേതിയിലും ചില്ലറ സംഘർഷങ്ങൾ റിപ്പോർട്ടു ചെയ്‌തു. കോൺഗ്രസുകാർ പലയിടത്തും ബൂത്തുപിടിത്തം നടത്തിയെന്ന് സ്‌മൃതി ഇറാനി ആരോപിച്ചു. ഗൗരിഗഞ്ചിൽ ബി.ജെ.പി പ്രവർത്തകയെ നിർബന്ധിച്ച് കൈയടയാളത്തിൽ വോട്ടു ചെയ്യിച്ചെന്ന് അവർ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്(ലക്‌നൗ), രാജ്യവർദ്ധൻ സിംഗ് റാഥോർ (ജയ്‌പൂർ റൂറൽ) എന്നിവരും ഇന്നലെ ജനവിധി തേടി.