renjan-

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ കടുത്ത നിരാശയും ദുഃഖവും തോന്നുന്നതായി പരാതിക്കാരി പത്രക്കുറിപ്പിൽ അറിയിച്ചു. അഭിഭാഷകനുമായി സംസാരിച്ച് തുടർ നടപടികൾ തീരുമാനിക്കും. നീതിയെന്ന ആശയത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന്റെ വക്കിലാണ് താനിപ്പോൾ.

വസ്തുതാപരമായ എല്ലാ തെളിവുകളും കൈമാറിയിട്ടും സമിതി നീതിയും സുരക്ഷയും നൽകാത്തതിൽ അങ്ങേയറ്റം ഞെട്ടലിലും ഭയത്തിലുമാണ് താൻ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെക്കുറിച്ചും താനും തന്റെ കുടുംബവും നേരിട്ട അവജ്ഞയെയും അപമാനത്തെക്കുറിച്ചും ഒരുവാക്കുപോലും കമ്മിറ്റി പറഞ്ഞിട്ടില്ല.
26ന് ആദ്യമായി സമിതിക്ക് മുൻപാകെ വാദത്തിന് ചെന്നപ്പോൾ നീതിപൂർവമായ നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം അറിയിച്ചിരുന്നു.

വാദം കേൾക്കുമ്പോഴുള്ള അടിസ്ഥാന ആവശ്യം പോലും അംഗീകരിക്കാത്തതിനാലാണ് കമ്മിറ്റി നടപടികൾ ബഹിഷ്കരിക്കേണ്ടിവന്നത്.

താൻ നൽകിയ മൊഴിയുടെ പകർപ്പ് മേയ് നാലിന് രാത്രി എട്ടുമണിയോടെയാണ് തനിക്ക് ലഭിച്ചത്. അതിലെ തെറ്റുകൾ തിരുത്തി മേയ് ആറിന് രാവിലെ 10.30 രജിസ്ട്രാർക്ക് അയച്ചു. ഇന്ന് തന്റെ ഭയം യാഥാർത്ഥ്യമായിരിക്കുന്നു. രാജ്യത്തെ പരമോന്നത കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന തന്റെ വിശ്വാസത്തിന് കോട്ടം തട്ടിയിരിക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു.