election-2019

ന്യൂഡൽഹി: ത്രികോണ പോരാട്ടം നടക്കുന്ന ഡൽഹിയിൽ മലയാളി വോട്ടുകളുറപ്പിക്കാൻ ബി.ജെ.പിയും കോൺഗ്രസും കേരളത്തിൽ നിന്ന് നേതാക്കളെ ഇറക്കുന്നു. മലയാളികൾ കൂടുതലുള്ള മേഖലകളിൽ നേതാക്കൾ പ്രചരണം തുടങ്ങിക്കഴിഞ്ഞു.

ഡൽഹി ഈസ്‌റ്റിൽ ബി.ജെ.പി ഗൗതം ഗംഭീറിനായി നടത്തിയ പ്രചാരണ പരിപാടിയിൽ പി.കെ. കൃഷ്‌ണദാസ്, അൽഫോൺസ് കണ്ണന്താനം, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മലയാളികൾ ഏറെയുള്ള മയൂർവിഹാർ, ദിൽഷാദ് ഗാർഡൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളിൽ വി. മുരളീധരൻ എം.പിയും കെ. സുരേന്ദ്രനുമെത്തി വോട്ട് ഭ്യർത്ഥിച്ചു. വികാസ്‌പുരി, ഹസ്‌താൽ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടികൾക്ക് താരപരിവേഷം പകരാൻ സുരേഷ് ഗോപിയും എത്തി.

ഈസ്റ്റ് ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥി അരവിന്ദർസിംഗ് ലവ്‌ലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ നടക്കുന്ന പൊതുസമ്മേളനത്തിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസംഗിക്കുന്നുണ്ട്. എ.ഐ.സി.സി അംഗം എൻ.പി ജയകുമാർ, ഡൽഹി പി.സി.സി അംഗം രാജീവ് വർമ്മ, മുൻ ഡൽഹി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ചാണ്ടി ഉമ്മൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുക്കും.