പരാതിക്കാരിക്ക് റിപ്പോർട്ട് നൽകണം
അറസ്റ്റും നിരോധനാജ്ഞയും
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് മുൻജീവനക്കാരിയുടെ ലൈംഗിക പീഡന പരാതിയിൽ ജഡ്‌ജിമാരുടെ സമിതി ക്ലീൻ ചിറ്റ് നൽകിയതിന്റെ നടപടിക്രമങ്ങൾക്കെതിരെ വനിതകൾ ഇന്നലെ പ്രതിഷേധിച്ചത് സുപ്രീംകോടതിക്ക് മുന്നിൽ പൊലീസ് സന്നാഹവും അറസ്റ്റും നിരോധനാജ്ഞയും ഉൾപ്പെടെയുള്ള അസാധാരണ സംഭവങ്ങൾക്ക് കളമൊരുക്കി.
വനിതാ അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഉൾപ്പെടെ പ്ലക്കാർഡുകളേന്തി മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കിയ പൊലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്‌തു.
തിങ്കളാഴ്‌ചയാണ് ജസ്‌റ്റിസ് ബോബ്‌ഡെ അദ്ധ്യക്ഷനും വനിതാ ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനർജിയും ഇന്ദു മൽഹോത്രയും അംഗങ്ങളുമായ സമിതി ചീഫ് ജസ്റ്റിസിനെതിരായ പരാതി കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിയത്. ഇതുസംബന്ധിച്ച തങ്ങളുടെ റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സമിതി വ്യക്തമാക്കിയിരുന്നു.
പരാതിക്കാരിയുടെ ഭാഗം കേൾക്കാതെ ആരോപണം തള്ളിയതും റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകാതിരുന്നതുമാണ് ഇന്നലെ വനിതകളുടെ പ്രതിഷേധത്തിനിടയാക്കിയത്. ആഭ്യന്തര സമിതിയുടെ നടപടികൾ നീതിപൂർവമല്ല. പരാതിക്കാരിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകാത്തത് നീതിയല്ല. നടപടികൾ സുതാര്യമാക്കണം - പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
രാവിലെ പ്രതിഷേധമുണ്ടാകുമെന്ന സൂചനകളെ തുടർന്ന് സുപ്രീംകോടതിക്ക് മുന്നിൽ പൊലീസിനെയും സി.ആർ.പി.എഫിനെയും വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വനിതാ അഭിഭാഷകരും സി.പി.എം നേതാവ് വൃന്ദാ കാരാട്ട്, സി.പി.ഐ നേതാവ് ആനിരാജ, വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് തുടങ്ങിയ മഹിളാ നേതാക്കളും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിൽ പങ്കെടുത്തു. 52 സ്ത്രീകൾ ഉപ്പെടെ 55 പേരെ കസ്റ്റഡിയിലെടുത്ത് മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വൈകിട്ട് മൂന്നുമണിയോടെയാണ് ഇവരെ വിട്ടയച്ചത്. ചില മാദ്ധ്യമ പ്രവർത്തകരെയും പൊലീസ് തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടു.
പരാതിക്കാരിയുടെ അഭാവത്തിൽ തിടുക്കത്തിൽ അന്വേഷണം പൂർത്തിയാക്കി ചീഫ് ജസ്റ്റിസിന് ക്ലീൻചിറ്റ് നൽകിയതിനെതിരെ നിയമവിദഗ്ദ്ധരും വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി ഷാ, മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്സിംഗ്, സഞ്ജയ് ഹെഗ്ഡെ, ദുഷ്യന്ത് ദവെ, രാകേഷ് ദ്വിവേദി, പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്രവിവരാവകാശ കമ്മിഷണർ പ്രൊഫ. എം. ശ്രീധർ ആചാര്യലു തുടങ്ങിയവർ ആഭ്യന്തര സമിതിയുടെ നടപടി നീതിപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് ആവശ്യപ്പെട്ട് പരാതിക്കാരി
ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതിക്കാരി സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്‌ക്ക് കത്ത് നൽകി. ചീഫ് ജസ്റ്റിസിന് റിപ്പോർട്ടിന്റെ പകർപ്പ് നൽകിയതുപോലെ തനിക്കും പകർപ്പ് ലഭിക്കാനുള്ള അവകാശമുണ്ട്. എന്തുകൊണ്ടാണ് പരാതി തള്ളിയതെന്ന് അറിയണം. റിപ്പോർട്ടിന്റെ പകർപ്പ് തനിക്ക് നൽകിയില്ലെങ്കിൽ സ്വാഭാവിക നീതിയുടെ ലംഘനമാകുമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
''രഞ്ജൻ ഗോഗോയിക്ക് ക്ലീൻ ചിറ്റ് നൽകിയ സമിതി അതിന് സ്വീകരിച്ച നടപടിക്രമങ്ങൾക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരാതിക്കാരിക്ക് നീതി ലഭ്യമാകണം''
ആനി രാജ
സി.പി.ഐ നേതാവ്