vvpat

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിന് മുമ്പ് 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി വോട്ടിംഗ് യന്ത്രത്തിലെ ഫലവുമായി ഒത്തുനോക്കണമെന്ന ആവശ്യം തള്ളിയ വിധിക്കെതിരെ 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ റിവ്യൂ ഹർജിയും സുപ്രീംകോടതി തള്ളി.

ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഏപ്രിൽ 8 ലെ ഉത്തരവ് പുനഃപരിശോധിക്കാൻ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
കൂടുതൽ വിവിപാറ്റുകൾ എണ്ണുന്നത് തിരഞ്ഞെടുപ്പ് വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നും 25 ശതമാനം സ്ലിപ്പുകളെങ്കിലും എണ്ണാൻ നിർദ്ദേശിക്കണമെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ഇന്നലെ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് അനുവദിച്ചില്ല.

ഒരു നിയമസഭാമണ്ഡലത്തിലെ ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ മാത്രം എണ്ണാനായിരുന്നു ഇലക്‌ഷൻ കമ്മിഷൻ ആദ്യം തീരുമാനിച്ചിരുന്നത്. വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി ഉണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 50 ശതമാനം സ്ലിപ്പുകൾ എണ്ണണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ആറ് ദേശീയ പാർട്ടികളും 15 പ്രാദേശിക പാർട്ടികളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പോൾ ചെയ്ത വോട്ടുകളും 50 ശതമാനം സ്ലിപ്പുകളും ഒത്തുനോക്കിയാൽ ഫലപ്രഖ്യാപനം ആറുദിവസമെങ്കിലും വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഫലം വൈകിയാലും പകുതി വിവിപാറ്റുകളെങ്കിലും എണ്ണണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
പ്രതിപക്ഷത്തിന്റെ ഹർജി ഭാഗികമായി അനുവദിച്ചാണ് അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകൾ എണ്ണാൻ കോടതി ഉത്തരവിട്ടത്. വിപുലമായ മനുഷ്യശേഷിയും അടിസ്ഥാന സൗകര്യവും വേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി 50ശതമാനം എണ്ണണമെന്ന ആവശ്യം കോടതി അംഗീകരിച്ചുമില്ല. എന്നിട്ടും 50 ശതമാനമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കാൻ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് റിവ്യൂ ഹർജി നൽകിയത്.