modi

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം 'അശ്ളീല'മാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

ഇത് തികച്ചും നിർഭാഗ്യകരവും ഒരു പ്രധാനമന്ത്രി മുൻ പ്രധാനമന്ത്രിയെക്കുറിച്ച് പറയാൻ പാടില്ലാത്തതും ആണെന്നും കോൺഗ്രസ് കോടതിയിൽ പറഞ്ഞു.

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായ്‌ക്കും ക്ലീൻചിറ്റ് നൽകിയതിനെതിരായ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവുകൾ കോൺഗ്രസ് സുപ്രീംകോടതിയിൽ സമർപ്പിച്ചതിനൊപ്പമാണ് പുതിയ സത്യവാങ്മൂലം നൽകിയത്. കമ്മിഷന്റെ നടപടികൾ വിവേചനപരവും ഏകപക്ഷീയവുമാണെന്ന് ഹർജി നൽകിയ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സുഷ്‌മിത ദേവ് എം.പി പുതിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

മതത്തെയും സേനയുടെ നേട്ടങ്ങളെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിർദ്ദേശം ലംഘിച്ചിട്ടും കമ്മിഷൻ നടപടിയെടുത്തില്ല. എന്നാൽ മോദിയും അമിത് ഷായും നടത്തിയതിന് സമാനമായ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ നടപടിയുണ്ടായി. ഇരുവർക്കുമെതിരായ പരാതികളിലെ നടപടികളിൽ സുതാര്യതയില്ല. യോഗി ആദിത്യനാഥ്, മേനകാ ഗാന്ധി, പ്രജ്ഞാസിംഗ് താക്കൂർ എന്നിവർക്കെതിരെ നടപടിയെടുത്ത കമ്മിഷൻ ഉത്തരവുകളും

മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയും പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മിഷന്റെ ഉത്തരവുകൾ ഹാജരാക്കാൻ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.ഹർജി ഇന്ന് പരിഗണിക്കും.

ഏപ്രിൽ ഒന്നിന് മഹാരാഷ്ട്രയിലെ വാർധയിൽ, വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലം എന്ന് മോദി പ്രസംഗിച്ചതും ഏപ്രിൽ 9ന് ലാത്തൂരിൽ പുൽവാമ ഭീകരാക്രമണം, ബാലാക്കോട്ട് തിരിച്ചടി എന്നിവ ഉന്നയിച്ച് കന്നിവോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചതുമുൾപ്പെടെയുള്ള പ്രസംഗങ്ങൾ പെരുമാറ്റ ചട്ടലംഘനമല്ലെന്നാണ് കമ്മിഷൻ നിലപാട്.