ന്യൂഡൽഹി:കേരളം ഭീകരവാദത്തിന്റെ സർവകലാശാലയായി മാറിയതായി ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭീകരവാദ സംഘടനകൾക്ക് എല്ലാ സഹായങ്ങളും നൽകുന്ന പാക്കിസ്ഥാൻ സർക്കാരിന് സമാനമാണ് കേരളത്തിലെ ഭരണകൂടത്തിൽ നിന്ന് ഭീകരർക്ക് ലഭിക്കുന്ന പിന്തുണ കേരളാ പോലീസിലെ ഭീകരവിരുദ്ധ സംഘത്തെ ഇടത് സർക്കാർ കഴിഞ്ഞ മൂന്നുവർഷമായി നിർജ്ജീവമാക്കി നിറുത്തിയായും കൃഷ്ണദാസ് ആരോപിച്ചു.
അന്തർദ്ദേശീയ തലത്തിൽ ചാവേർ ആക്രമണങ്ങൾ നടത്താൻ സാധിക്കുന്ന തരത്തിൽ കേരളം കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ശ്രീലങ്കയിലെ ചാവേർ സ്ഫോടനങ്ങളിൽ കേരളത്തിൽ മൂന്നു പേർ അറസ്റ്റിലായി. തമിഴ്നാട് ഭീകരവിരുദ്ധസംഘത്തിന്റെ നിരീക്ഷണത്തിലുള്ള ഇരുപത് പേരിൽ ഇരുപതും മലയാളികളാണ്. നാഷണൽ തൗഹീദ് ജമാഅത്തിന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും വേരുകളും ശ്രീലങ്കയിലെ ആക്രമണ സംഭവങ്ങളും ഏറെ ഭീതിജനകമായ അവസ്ഥയാണ് സംജാതമാക്കിയത്. ദേശീയ അന്വേഷണ ഏജൻസികൾ കേരളത്തിൽ റെയ്ഡുകളും മറ്റ് ഓപ്പറേഷനുകളും തുടർച്ചയായി നടത്തുമ്പോഴും കേരളത്തിലെ പൊലീസ് നിഷ്‌ക്രിയമായി നോക്കിനിൽക്കുന്നു. കൃഷ്ണദാസ് ആരോപിച്ചു. യുവമോർച്ച ദേശീയ സെക്രട്ടറി പി.ജെ അനൂപ്, സൗത്ത് ഇന്ത്യൻ സെൽ കോ കൺവീനർ അഡ്വ. ജോജോ ജോസ് എന്നിവർ പങ്കെടുത്തു.