thej

ന്യൂഡൽഹി: വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ തന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബി.എസ്.എഫിൽ നിന്ന് പിരിച്ചുവിടപ്പെട്ട ജവാൻ തേജ് ബഹാദൂർ യാദവ് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി തേടി. വിഷയത്തിൽ ഇന്ന് മറുപടി നൽകാനാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് കമ്മിഷനോട് നിർദ്ദേശിച്ചത്.

സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടതിനുള്ള കാരണം വ്യക്തമാക്കുന്ന രേഖ നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.പി സ്ഥാനാർത്ഥിയായ തേജ് ബഹാദൂറിന്റെ

പത്രിക വരണാധികാരി തള്ളിയത്. അഴിമതി,രാജ്യദ്രോഹക്കുറ്റം എന്നിവയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കപ്പെടുന്നവർക്ക് അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്. പുറത്താക്കിയത് ഈ കാരണങ്ങൾ കൊണ്ടല്ലെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ നാമനിർദ്ദേശ പത്രികയോടൊപ്പം പിരിച്ചുവിടൽ ഉത്തരവും ഹാജരാക്കിയിരുന്നെന്നാണ് തേജ് ബഹാദൂറിന്റെ വാദം.

ബി.എസ്.എഫിലെ മോശം ഭക്ഷണത്തെക്കുറിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്‌തിനാണ് വിചാരണ നടപടികൾക്കു ശേഷം തേജ് ബഹാദൂറിനെ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ ആദ്യം സ്വതന്ത്രനായി നാമനിർദ്ദേശപത്രിക നൽകിയ തേജ്ബഹാദൂറിന് പിന്നീട് സമാജ്‌വാദി പാർട്ടി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.