ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള കാവൽക്കാരൻ കള്ളനാണെന്ന തന്റെ പരാമർശത്തെ റാഫേൽ കേസിലെ സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെടുത്തിയതിന് നിരുപാധികം മാപ്പ് പറഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.
പരാമർശം മനഃപൂർമായിരുന്നില്ലെന്നും ക്ഷമാപണം സ്വീകരിച്ച് കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും അഭിഭാഷകൻ സുനിൽ ഫെർണാണ്ടസ് മുഖേന നൽകിയ സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. റാഫേൽ റിവ്യൂ ഹർജികൾക്കൊപ്പം കോടതിയലക്ഷ്യ ഹർജിയും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് മേയ് 10ന് പരിഗണിക്കും.
മാദ്ധ്യമങ്ങൾ പുറത്തുവിട്ട രേഖകളുടെ കൂടി അടിസ്ഥാനത്തിൽ റാഫേൽ വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഈ വിധിയെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് രാഹുൽ വിവാദപരാമർശം നടത്തിയത്. ഇത് കോടതിയലക്ഷ്യമാണെന്ന് കാട്ടി ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരാമർശം തിരഞ്ഞെടുപ്പ് ചൂടിൽ അബദ്ധത്തിൽ പറഞ്ഞതാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും വ്യക്തമാക്കി രാഹുൽഗാന്ധി രണ്ട് സത്യവാങ്മൂലങ്ങൾ നൽകിയിരുന്നു. എന്നാൽ രാഹുൽ നിരുപാധികം മാപ്പുപറഞ്ഞിട്ടില്ലെന്നും പരാമർശത്തെ ന്യായീകരിക്കുകയാണെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. തെറ്റ്പറ്റിയാൽ അംഗീകരിക്കണമെന്നും ക്ഷമാപണം വ്യക്തമായി എഴുതി നൽകണമെന്നും കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ പുതിയ സത്യവാങ്മൂലം രാഹുൽ സമർപ്പിച്ചത്.