supreme-court

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ കോൺഗ്രസ് നൽകിയ മാതൃകാ പെരുമാറ്റ ചട്ട ലംഘന പരാതികളിൽ തീരുമാനമെടുത്തെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. ഇരുവർക്കുമെതിരായ പരാതികളിൽ കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് എം.പി നൽകിയ ഹർജി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തീർപ്പാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീൻ ചിറ്റ് നൽകിയതിൽ എതിർപ്പുണ്ടെങ്കിൽ പുതിയ ഹർജി നൽകാമെന്നും കോടതി വ്യക്തമാക്കി.

ക്ലീൻ ചിറ്റ് നൽകിയത് ശരിയായാലും തെറ്റായാലും കമ്മിഷൻ തീരുമാനമെടുത്തിരിക്കുന്നു. അതിനാൽ നിലവിലെ ഹർജി പ്രസക്തമല്ല. ഉത്തരവിന്റെ മെരിറ്റിൽ പരാതിയുണ്ടെങ്കിൽ സുഷ്മിത ദേവിന് പുതിയ ഹർജി നൽകാം. ബെഞ്ച് പറഞ്ഞു. രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് മരിച്ചതെന്ന മോദിയുടെ പുതിയ വിവാദ പരാമർശവും കോൺഗ്രസ് ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇടപെടാൻ കോടതി വിസമ്മതിച്ചു.


മേയ് ആറിനകം കോൺഗ്രസ് നൽകിയ പരാതികളിൽ തീരുമാനമെടുക്കാൻ കോടതി കമ്മിഷനോ നിർദ്ദേശിച്ചിരുന്നു. പരാതികളെല്ലാം തീർപ്പാക്കിയതായി കമ്മിഷൻ കോടതിയെ അറിയിച്ചു. എന്നാൽ ക്ലീൻ ചിറ്റ് നൽകിയത് ഏകപക്ഷീയമാണെന്നും സമാനമായ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കോൺഗ്രസ് വാദിച്ചു. തങ്ങളുടെ ഉത്തരവിന്റെ മെരിറ്റിലേക്ക് കടക്കാൻ ഈ ഹർജിയിലൂടെ കഴിയില്ലെന്നും കമ്മിഷൻ നിലപാടെടുത്തു. ഇത് സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.