ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി എംപാനൽ ഡ്രൈവർമാരെ ഏപ്രിൽ 30നകം പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, ഉത്തരവ് നടപ്പാക്കാൻ ജൂൺ 30 വരെ സമയം അനുവദിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജി പരിഗണിച്ചത്. ഷെഡ്യൂൾ മുടങ്ങാതിരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് താത്കാലിക ഡ്രൈവർമാരെ നിയമിക്കാമെങ്കിലും 180 ദിവസത്തിൽ കൂടുതൽ തുടരാൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
താത്കാലിക നിയമനത്തിന് കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ട്. എം.പാനൽ ജീവനക്കാരെ സ്ഥിരം തസ്തികകളിലേക്കല്ല നിയമിച്ചിരിക്കുന്നത്. സുശീൽ ഖന്ന റിപ്പോർട്ട് പരിഗണിക്കാനായി നിയമിച്ച സമിതി ബസ് - ജീവനക്കാർ അനുപാതം പുതുക്കി നിശ്ചയിക്കുമെന്നും കെ.എസ്.ആർ.ടി.സി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഏപ്രിൽ 30നകം 1565 എം.പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്നാണ് ഏപ്രിൽ എട്ടിന് ഹൈക്കോടതി ഉത്തരവിട്ടത്. പി.എസ്.സി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തണം. റാങ്ക് പട്ടിക നിലവിലുള്ളപ്പോൾ താത്കാലിക നിയമനം അംഗീകരിക്കാനാവില്ലെന്നും 2013ലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഹർജി അനുവദിച്ച് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.