mimi
മിമി ചക്രബർത്തി

തൃണമൂലും ബി.ജെ.പിയും പ്രധാന പോരാളികളായി കളം നിറയുകയും, സി.പി.എമ്മും കോൺഗ്രസും കാഴ‌്ചക്കാരായി മാറുകയും ചെയ്‌ത ബംഗാളിലെ വേറിട്ട കാഴ്‌ച തേടിയാണ് ജാധവ്‌പൂരിലെത്തിയത്. കൊൽക്കൊത്തയിൽ നിന്ന് രണ്ടര മണിക്കൂർ നേരത്തെ യാത്ര. സൗത്ത് 24 പർഗനാസ് ജില്ലയിലെ ജാധവ്പൂരിൽ പ്രധാന മത്സരം തൃണമൂലും സി.പി.എമ്മും തമ്മിലാണ്. ബി.ജെ.പിക്കും തൃണമൂലിനുമെതിരെ കോൺഗ്രസ്- സി.പി.എം രഹസ്യ ധാരണയും ഇവിടെയുണ്ട്.

ബംഗാളിൽ സി.പി.എമ്മിന്റെ പ്രതാപകാലത്ത് ചെങ്കോട്ടയായിരുന്നു ജാധവ്പൂർ. ഇവിടെ കൊൽക്കത്ത മുൻ മേയറും ജനകീയ നേതാവുമായ ബികാഷ് രഞ്ജൻ ഭട്ടാചാര്യയിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് പാർട്ടി. ഗ്ളാമർ താരം മിമി ചക്രബർത്തിയാണ് മുഖ്യഎതിരാളി. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പാർട്ടിയിൽ ചേർന്ന മിമിയെ തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി തന്റെ മുൻ മണ്ഡലമായ ജാധവ്പൂരിൽ നിറുത്തിയത് രാഷ്‌ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരുന്നു. ബികാഷ് ഭട്ടാചാര്യയുടെ രാഷ്‌ട്രീയാനുഭവത്തെ മിമിയുടെ ഗ്ളാമർ കൊണ്ട് നേരിടാമെന്നാണ് മമതയുടെ കണക്കുകൂട്ടൽ. പാർട്ടിയുടെ സിറ്റിംഗ് എം.പി സുഗതാ ബോസ് മത്സരിക്കാനില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. തൃണമൂൽ വിട്ടു വന്ന അനുപം ഹസ്രയാണ് ബി.ജെ.പി സ്ഥാനാർത്ഥി. സി.പി.എമ്മുമായുള്ള ധാരണയനുസരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തിയിട്ടുമില്ല.

അന്തരിച്ച സി.പി.എം നേതാവും ലോക്‌സഭാ മുൻ സ്‌പീക്കറുമായ സോമനാഥ് ചാറ്റർജിയുടെ മണ്ഡലമായിരുന്നു ജാധവ്പൂർ. 1984-ൽ അദ്ദേഹത്തെ പരാജയപ്പെടുത്തി മമതാ ബാനർജി ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ചത് സംസ്ഥാനത്ത് സി.പി.എമ്മിനുള്ള മുന്നറിയിപ്പു കൂടിയായിരുന്നു. 2004-ൽ സുജൻ ചക്രവർത്തിയിലൂടെ സി.പി.എം മണ്ഡലം തിരിച്ചു പിടിച്ചെങ്കിലും 2009 മുതൽ ജാധവ്‌പൂരിൽ തൃണമൂൽ ആധിപത്യം തന്നെ.

നഗരവും ഗ്രാമവും ഇടകലർന്ന, മുസ്ളിം സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ സി.പി.എമ്മിന് ഇപ്പോഴും നല്ല വേരോട്ടമുണ്ട്. ജാധവ്‌പൂർ അസംബ്ളി മണ്ഡലത്തെ 1967നു ശേഷം 2011-ൽ ഒഴികെ സി.പി.എമ്മാണ് പ്രതിനിധീകരിക്കുന്നത്. . അഭിഭാഷകൻ കൂടിയായ സ്ഥാനാർത്ഥി ബികാഷ് ഭട്ടാചാര്യ രാഷ്‌ട്രീയത്തിനപ്പുറം സ്വാധീനമുള്ളയാളാണ്. ചിട്ടി ഫണ്ട് കുംഭകോണങ്ങളിൽ പണം നഷ്‌ടപ്പെട്ടവർക്ക് ആശ്വാസം പകരുന്ന നടപടികളുമായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഈ പ്രതിച്‌ഛായ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട് സി.പി.എം. സ്ഥാനാർത്ഥിയുടെ യോഗങ്ങളിലും റോഡ് ഷോകളിലുമെത്തുന്ന ആൾക്കൂട്ടം അവർക്ക് ശുഭപ്രതീക്ഷ നൽകുന്നു. 2011-നു ശേഷം മണ്ഡലത്തിൽ ഇത്ര ആവേശം ആദ്യമാണെന്ന് പ്രവർത്തകരും പറയുന്നു. വോട്ടെടുപ്പു ദിനത്തിൽ തൃണമൂൽ ഗുണ്ടകൾ തടഞ്ഞില്ലെങ്കിൽ ജയം ഉറപ്പെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

ന്യൂനപക്ഷ വോട്ടുകൾ സി.പി.എമ്മിനു ലഭിക്കുമെന്നതും ബി.ജെ.പി സ്ഥാനാർത്ഥി ദുർബലനായതും മുന്നിൽക്കണ്ട് തൃണമൂൽ ഹിന്ദുത്വ പ്രചാരണമാണ് മണ്ഡലത്തിൽ നടത്തുന്നത്. മിമി ചക്രവർത്തിയുടെ പ്രചാരണങ്ങളിൽ ഹിന്ദുത്വ മുദ്രാവാക്യങ്ങൾ ഉയരുന്നു. ചലച്ചിത്രതാരമായ മിമിയെ കാണാൻ പരിപാടികളിൽ വൻ ജനക്കൂട്ടമുണ്ട്. ആരാധന വോട്ടാക്കി മാറ്റാനാകുമെന്ന കണക്കുകൂട്ടലിലാണ് തൃണമൂൽ. അതു സംഭവിച്ചില്ലെങ്കിൽ 2014-ൽ ലഭിച്ച മുർഷിദാബാദും രായ്‌ഗഞ്ചും നിലനിറുത്താൻ പാടുപെടുന്ന സി.പി.എമ്മിന് ജാധവ്‌പൂരിൽ തിരിച്ചുവരവ് പ്രതീക്ഷിക്കാം. ഏഴാം ഘട്ടത്തിൽ മെയ് 19-നാണ് ഇവിടെ വോട്ടെടുപ്പ്.