holli

ന്യൂഡൽഹി:എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളാണ് പൊളിക്കേണ്ടത്. ഒരുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഉടമകൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അതോറിട്ടി നൽകിയ അപ്പീലിലാണ് വിധി. കെട്ടിടങ്ങൾ നിർമ്മിച്ചത് തീരദേശ പരിപാലന ചട്ടം ലംഘിച്ചാണെന്ന് സുപ്രീം കോടതി കണ്ടെത്തി. 2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ 2ലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള കെട്ടിട ഉടമകളുടെ വാദം കോടതി അംഗീകരിച്ചില്ല. നിർമ്മാണ അനുമതി ലഭിക്കുമ്പോൾ സ്ഥലം സി.ആർ 3 ൽ ആയിരുന്നതിനാൽ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്ലാറ്റുകളാണുള്ളത്. നൂറോളം കുടുംബങ്ങൾ താമസിക്കുന്നു.

പൊളിക്കേണ്ടത് 500 കോടിയുടെ ഫ്ളാറ്റുകൾ

കൊച്ചി : കായലോരം ഒഴികെ മൂന്നും ആഡംബര അപ്പാർട്ടുമെന്റുകളാണ്. 288 ഫ്ലാറ്റുകളാണ് അവയിലുള്ളത്. ശരാശരി ഒന്നര കോടി രൂപയാണ് വില. മൊത്തം വില 450 കോടിയോളം. ഭൂരിഭാഗവും പ്രവാസികൾ വാങ്ങിയതാണ്. പകുതിപ്പേരും ഇവിടെ താമസിക്കുന്നില്ല. ചിലർ വാടകയ്‌ക്ക് നൽകിയിട്ടുണ്ട്. കായലോരത്തിലെ 40 ഫ്ലാറ്റുകൾക്ക് ശരാശരി 60 ലക്ഷം രൂപ കണക്കിൽ മൊത്തം വില 24 കോടി രൂപ.

പൊളിക്കേണ്ട അഞ്ച് സമുച്ചയങ്ങളിൽ ഒരെണ്ണം കേസ് ആരംഭിച്ചതോടെ നിർമ്മാണം നിറുത്തി. മറ്റ് നാലെണ്ണത്തിൽ ഒന്നിലെ മുഴുവൻ അപ്പാർട്ടുമെന്റുകളിലും താമസക്കാരുണ്ട്.

ഹോളി ഫെയ്‌ത്ത് എച്ച്.ടു.ഒ

സ്ഥലം : കുണ്ടന്നൂർ പാലത്തിന് സമീപം

നിർമ്മാതാക്കൾ : ഹോളി ഫെയ്‌ത്ത് ബിൽഡേഴ്സ്

നിലകൾ : 16

ഫ്ളാറ്റുകൾ : 90

താമസക്കാർ : 47

ഗോൾഡൻ കായലോരം

സ്ഥലം : കണ്ണാടിക്കടവ്

നിർമ്മാതാക്കൾ : കെ.പി. വർഗീസ് ബിൽഡേഴ്സ്

നിലകൾ : 16

ഫ്ളാറ്റുകൾ : 40

താമസക്കാർ : 40

ജെയിൻ കോറൽ കോവ്

സ്ഥലം : നെട്ടൂർ മാർക്കറ്റിന് സമീപം

നിർമ്മാതാക്കൾ : ജെയിൻ ഹൗസിംഗ് ലിമിറ്റഡ്

നിലകൾ : 16

ഫ്ളാറ്റുകൾ : 125

താമസക്കാർ : 20

ആൽഫ സെറീൻ

സ്ഥലം : നെട്ടൂർ

നിർമ്മാതാക്കൾ : ആൽഫ വെഞ്ച്വേഴ്സ്

നിലകൾ: 16

ഫ്ളാറ്റുകൾ : 73

താമസക്കാർ : 52

ഹോളിഡേയ് ഹെറിറ്റേജ്

സ്ഥലം : നെട്ടൂർ

നിർമ്മാതാക്കൾ : ഹോളിഡേ ഹോംസ്

നിർമ്മാണം തുടക്കത്തിലേ മുടങ്ങി