ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും കോൺഗ്രസിനെയും വീണ്ടും അതിരൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിരാടിനെ പേഴ്സണൽ ടാക്സിയാക്കിയെന്ന് ഡൽഹി രാംലീല മൈതാനിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു.
''അവധിക്കാലമാഘോഷിക്കാൻ നാവിക സേനാ കപ്പൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഐ.എൻ.എസ് വിരാടിനെ പേഴ്സണൽ ടാക്‌സിയാക്കി . പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കപ്പൽ തിരിച്ചുവിളിച്ചാണ് രാജീവും ഭാര്യയുടെ ബന്ധുക്കളും പേഴ്സണൽ ടാക്‌സിയാക്കി ഉപയോഗിച്ചത്. നാവികസേനാ ഉദ്യോഗസ്ഥരെ വേലക്കാരാക്കി. ഇത് സേനയെ ദുരുപയോഗം ചെയ്യലല്ലേ? മോദി ചോദിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി വലിയ ഭീകരാക്രമണങ്ങളുണ്ടാകാതെ നമ്മുടെ സുരക്ഷാ സേന പ്രതിരോധിച്ചു. ഐ.പി.എൽ മാച്ചും തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ പറ്റാത്ത കാലമുണ്ടായിരുന്നു. ഇപ്പോഴോ- തിരഞ്ഞെടുപ്പും ഐ.പി.എല്ലും നടക്കുകയാണ്. പുതിയ ഹിന്ദുസ്ഥാൻ ആരെയും ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ല. ആരെങ്കിലും ബുദ്ധിമുട്ടിച്ചാൽ വെറുതെവിടുകയുമില്ല. പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്താകെ ഒരു കുടുംബത്തിന്റെ അല്ലെങ്കിൽ മറ്റൊരു കുടുംബത്തിന്റെ രാഷ്ട്രീയാഭിലാഷം പോഷിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. ബീഹാറിലും യു.പിയിലും മഹാരാഷ്ട്രയിലും കർണാടകയിലും ഇതാണ് സ്ഥിതി. പൂർവികരുടെ പേരിൽ അവർക്ക് വോട്ട് വേണം. എന്നാൽ ആ പൂർവികരുടെ ചെയ്‌തികളെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അസ്വസ്ഥരാകും. കോൺഗ്രസ് സർക്കാരിന്റെ തെറ്റായ നടപടികളെ പുറത്തുകൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്- മോദി പറഞ്ഞു.
രാജീവിന്റെ
ആഘോഷം
1987 ഡിസംബർ 30 മുതൽ ജനുവരി 6 വരെയായിരുന്നു മോദി ആരോപിക്കുന്ന ആഘോഷം. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി കുടുംബസമേതം അവധി ആഘോഷിക്കാനായി തിരഞ്ഞെടുത്തത് ലക്ഷദ്വീപിന്റെ ഭാഗമായ ബങ്കാരം ദ്വീപാണ്. രാജീവ് ഗാന്ധിക്കും കുടുംബത്തിനും പുറമേ സോണിയയുടെ സഹോദരിയും കുടുംബവും, ബോളിവുഡ് താരം അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ തുടങ്ങിയവരും അന്നത്തെ ആഘോഷത്തിൽ പങ്കെടുത്തു. അതീവ രഹസ്യമായാണ് ഇവർ അവധി ആഘോഷിക്കാനെത്തിയതെങ്കിലും മാദ്ധ്യമങ്ങൾ വിശേഷം മണത്തറിഞ്ഞു.ഐ.എൻ.എസ് വിരാട് ആഘോഷ യാത്രയ്‌ക്ക് ഉപയോഗിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കുകയുെ ചെയ്‌തു.